ഓരോ താരങ്ങൾക്കും ബി.എം.ഡബ്ല്യു കാർ, ടീമിന് ഒരു കോടി! വൻ ഓഫറുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തലവൻ
text_fieldsഹൈദരാബാദ്: എല്ലാ താരങ്ങൾക്കും ഓരോ ബി.എം.ഡബ്ല്യു കാർ, ടീമിന് ഒരു കോടിയും! അടുത്ത മൂന്നു വര്‍ഷത്തിനുള്ളിൽ രഞ്ജി ട്രോഫി കിരീടം നേടിയാൽ ഹൈദരാബാദ് ക്രിക്കറ്റ് ടീം അംഗങ്ങളെ കാത്തിരിക്കുന്ന സമ്മാനമാണിത്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തലവൻ ജഗൻ മോഹൻ റാവുവാണ് താരങ്ങൾക്ക് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഓഫർ. കൂടാതെ, രഞ്ജി ട്രോഫി പ്ലേറ്റ് ലീഗിൽ ജേതാക്കളായ ടീമിന് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഫൈനലിൽ മേഘാലയയെ തോൽപിച്ചാണ് ഹൈദരാബാദ് പ്ലേറ്റ് ലീഗ് ജേതാക്കളായത്. മത്സരശേഷം ടീം നായകൻ തിലക് വർമക്ക് ട്രോഫി സമ്മാനിക്കുന്നതിനിടെയാണ് മൂന്നു വർഷത്തിനിടെ രഞ്ജി ട്രോഫി എലീറ്റ് ലീഗിൽ ചാമ്പ്യന്മാരായാൽ ടീം അംഗങ്ങൾക്ക് ബി.എം.ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും അദ്ദേഹം വാഗ്ദാനം ചെയ്തത്.
‘അടുത്ത സീസണിൽ തന്നെ ലക്ഷ്യത്തിലെത്തുകയെന്നതു ശരിക്കും നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് മൂന്നു വർഷത്തെ സമയം അവർക്ക് അനുവദിച്ചത്. ക്രിക്കറ്റിലെ സമഗ്രമായ മാറ്റത്തിനാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ ജിംഖാന ഗ്രൗണ്ടിൽ ഹൈദരാബാദ് ക്രിക്കറ്റ് അക്കാദമി ഓഫ് എക്സലൻസ് പ്രവർത്തിക്കുന്നുണ്ട്. പുതിയ താരങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ അവരുടെ പ്രദേശത്തു തന്നെ ലഭ്യമാക്കുക ലക്ഷ്യമിട്ട് നാല് സാറ്റലൈറ്റ് അക്കാദമികൾ ആരംഭിക്കാനും പദ്ധതിയുണ്ട്’ -ജഗൻ മോഹൻ വ്യക്തമാക്കി.
രഞ്ജി ട്രോഫിയിൽ (പ്ലേറ്റ് ലീഗ്) നേടിയ വിജയത്തിന് അംഗീകാരമായി ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപയും മികച്ച പ്രകടനം നടത്തിയവർക്ക് 50,000 രൂപയും പാരിതോഷികം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ രണ്ടു തവണ മാത്രമാണ് ഹൈദരാബാദ് കിരീടം നേടിയത്. 1937–38, 1986–87 സീസണുകളിലായിരുന്നു കിരീട നേട്ടം.
കഴിഞ്ഞ സീസണിൽ എലീറ്റ് ഗ്രൂപ്പിൽ അവസാനം ഫിനിഷ് ചെയ്തതോടെയാണ് ഹൈദരാബാദ് പ്ലേറ്റ് ഗ്രൂപ്പിലേക്കു തരംതാഴ്ത്തപ്പെട്ടത്. ഇത്തവണ പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായതോടെ അടുത്ത സീസണിൽ എലീറ്റ് ഗ്രൂപ്പ് യോഗ്യതയും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.