ദേവ്ദത്തും ഡിവില്ലിയേഴ്സും അടിച്ചു, ചഹൽ എറിഞ്ഞിട്ടു; ജയത്തോടെ തുടങ്ങി ബംഗളൂരു
text_fieldsദുബൈ: കഴിഞ്ഞ സീസണിലെ തുടർതോൽവികളുടെ വേദന മറന്ന് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു. സൺറൈസേഴ്സ് ഹൈദരബാദിനെ പത്ത് റൺസിന് തോൽപ്പിച്ചാണ് കോഹ്ലിപ്പട തേരോട്ടം തുടങ്ങിയത്.
42 പന്തിൽ 56 റൺസെടുത്ത് മികച്ച തുടക്കം നൽകിയ മലയാളിതാരം ദേവ്ദത്ത് പടിക്കലിൻെറയും 30 പന്തുകളിൽ നിന്നും 51 റൺസെടുത്ത എ.ബി ഡിവില്ലിയേഴ്സിൻെറയും മികവിൽ ബംഗളൂരു 163 റൺസിൻെറ വിജയലക്ഷ്യമാണ് ഉയർത്തിയിരുന്നത്. നായകൻ വിരാട് കോഹ്ലി 14 റൺസെടുത്തു പുറത്തായിരുന്നു.
നാലോവറിൽ 18 റൺസ്മാത്രം വിട്ടുകൊടുത്ത് മൂന്നുവിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹൽ, നാലോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ശിവം ഡ്യൂബേ, 25 റൺസ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റെടുത്ത നവദീപ് സെയ്നി എന്നിവർ ബൗളിങ്ങിൽ തങ്ങളുടെ കടമ നിർവഹിച്ചതോടെ ബംഗളൂരു ജയത്തിലേക്ക് മാർച്ച് ചെയ്തു .
സൺറൈസേഴ്സ് നിരയിൽ 43 പന്തുകളിൽ നിന്നും 61 റൺസെടുത്ത ജോണി ബാരിസ്റ്റോക്ക് മാത്രമേ തിളങ്ങാനായുള്ളൂ. ബാരിസ്റ്റോക്ക് പുറമേ 34 റൺസെടുത്ത മനീഷ് പാണ്ഡേക്കും 12 റൺസെടുത്ത റൺസെടുത്ത പ്രിയം ഗാർഗിനും മാത്രമേ ഹൈദരബാദ് നിയിൽ രണ്ടക്കം കടക്കാനായുള്ളൂ.
വെടിക്കെട്ടുകളുടെ തമ്പുരാക്കന്മാരായ വിരാട് കോഹ്ലിയെയും എബി ഡിവില്യേഴ്സിനെയും ഡഗ്ഒൗട്ടിൽ സാക്ഷിയാക്കിയായിരുന്നു മലയാളി താരം ദേവ്ദത്ത് പടിക്കലിെൻറ സംഭവബഹുലമായ അരങ്ങേറ്റം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ ഇന്നിങ്സ് ഒാപൺ ചെയ്യാൻ നിയോഗം ലഭിച്ച ദേവ്ദത്ത് ഒട്ടും മോശമാക്കിയില്ല.
മറുതലക്കൽ ആസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നിർത്തി തിരികൊളുത്തിയ വെടിക്കെട്ടിൽ എട്ട് ബൗണ്ടറികൾ പിറന്നു.42 പന്തിൽ 56 റൺസുമായി അരങ്ങേറ്റം തന്നെ അർധസെഞ്ച്വറിയാക്കി മാറ്റിയാണ് 20കാരൻ കളം വിട്ടത്.
മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് കർണാടകക്കുവേണ്ടിയാണ് കളിച്ചുവളർന്നത്. 20കാരനായ ദേവ്ദത്തിനെ 2019ൽ 20 ലക്ഷം രൂപക്കാണ് റോയൽ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലുൾപ്പെടെ കർണാടകക്കായി നടത്തിയ മികച്ച പ്രകടനമാണ് ദേവ്ദത്തിനെ ആർ.സി.ബി ജഴ്സിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.