തേവാത്തിയ വീണ്ടും തീയായി; രാജസ്ഥാൻ വിജയവഴിയിൽ
text_fieldsദുബൈ: സീസണിെൻറ തുടക്കത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കണ്ടത് യാദൃശ്ചികമല്ലെന്ന് തെളിയിച്ച് രാഹുൽ തേവാത്തിയ നിറഞ്ഞാടിയതോടെ രാജസ്ഥാൻ റോയൽസ് വിജയ വഴിയിൽ തിരിച്ചെത്തി. 28 പന്തിൽ 45 റൺസെടുത്ത തേവാത്തിയക്കൊപ്പം 26 പന്തിൽ നിന്നും 42 റൺസെടുത്ത റിയാൻ പരാഗും അടിച്ചുതകർത്തു. ഏഴുമത്സരങ്ങളിൽ നിന്നും രാജസ്ഥാെൻറ മൂന്നാം വിജയമാണിത്.
സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ കടുത്ത വെല്ലുവിളി അവസാന ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു.ജയ പരാജയങ്ങൾ മാറിമറഞ്ഞ മത്സരത്തിൽ പതിയെത്തുടങ്ങിയ തേവാത്തിയയും പരാഗും അവസാനഓവറുകളിൽ അടിച്ചുതകർത്തതോടെ വിജയം രാജസ്ഥാെൻറ തീരത്ത് അടുക്കുകയായിരുന്നു.
ഹൈദരാബാദ് ഉയർത്തിയ 158 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാെൻറ തുടക്കം തകർച്ചയോടെയായിരുന്നു. സീസണിലെ ആദ്യമത്സരത്തിനിറങ്ങിയ ബെൻസ്റ്റോക്സ് (5), ജോസ് ബട്ലർ(16), സ്റ്റീവൻ സ്മിത്ത് (5) എന്നിവരെ എളുപ്പത്തിൽ നഷ്ടപ്പെട്ട രാജസ്ഥാനായി 26 റൺസെടുത്ത സഞ്ജു സാംസണും 18 റൺസെടുത്ത റോബിൻ ഉത്തപ്പയും ഒത്തുചേർന്നതോടെയാണ് തകർച്ചയിൽ നിന്നും കരകയറിയത്. ബൗളർമാർ തിളങ്ങിയ മത്സരത്തിൽ ഖലീൽ അഹമ്മദ്, റാഷിദ് ഖാൻ എന്നിവർ ഹൈദരാബാദിനായി രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
48 റൺസെടുത്ത നായകൻ ഡേവിഡ് വാർണറും 54 റൺസെടുത്ത മനീഷ് പാണ്ഡേയുടെയും മികവിലാണ് ഹൈദരാബാദ് പൊരുതാവുന്ന സ്കോർ പടുത്തുയർത്തിയത്. 12 പന്തിൽ നിന്നും 22 റൺസെടുത്ത കെയ്ൻ വില്യംസൺ പുറത്താകാതെ നിന്നു. റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടിയ ജോഫ്ര ആർച്ചറാണ് ഹൈദരാബാദിനെ തടുത്തുനിർത്തിയത്. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങിയ ആർച്ചർ വാർണറെ കുറ്റിതെറിപ്പിച്ച് മടക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.