ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം! ഐ.പി.എല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ ഋഷഭ് പന്ത്
text_fieldsന്യൂഡൽഹി: വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഋഷഭ് പന്ത് പുതിയ ഐ.പി.എൽ സീസണിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ്. കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി 2022 ഡിസംബർ 30ന് പുലർച്ചെ ഡൽഹിയിൽനിന്ന് ഡെറാഡൂണിലെ വീട്ടിലേക്ക് പോകുന്നതിനിടെ പന്ത് സഞ്ചരിച്ച ആഡംബര കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
റൂർക്കിക്കു സമീപം റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ കത്തിയമർന്നെങ്കിലും താരം അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പന്ത് ഏറെ നാളത്തെ ആശുപത്രി വാസത്തിനുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെ 2023 പൂർണമായും താരത്തിന് നഷ്ടപ്പെട്ടു. ഐ.പി.എൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഏകദിന ലോകകപ്പ് എന്നിവയെല്ലാം 26കാരനായ വിക്കറ്റ് കീപ്പർ ബാറ്റർക്ക് നഷ്ടമായി. ഇപ്പോഴും കായികക്ഷമത പൂർണമായി വീണ്ടെടുത്തിട്ടില്ലെങ്കിലും 2024 ഐ.പി.എല്ലിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷ താരത്തിനുണ്ട്.
ഡൽഹി കാപിറ്റൽസ് താരമായ പന്ത്, 2021 മുതൽ ടീമിന്‍റെ നായക പദവി കൂടി വഹിക്കുന്നുണ്ട്. മിനി ലേലത്തിനായി താരം ഇപ്പോൾ ദുബൈയിലാണ്. ഇതിനിടെയാണ് അപകടത്തെയും ജീവിതത്തിലേക്കുള്ള മടങ്ങിവരവിനെയും കുറിച്ച് താരം മനസ്സ് തുറന്നത്. അപകടം വെച്ചുനോക്കുമ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണെന്ന് പന്ത് പറയുന്നു. ‘ചികിത്സയുടെ ആദ്യഘട്ടങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരുപാട് വേദന അനുഭവിച്ചു’ -ഐ.പി.എല്ലിന്‍റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ താരം പറഞ്ഞു.
ചികിത്സയുടെ തുടക്കത്തിൽ അസഹ്യമായ വേദന അനുഭവിച്ചു. പക്ഷേ, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. ആളുകളെ അഭിമുഖീകരിക്കാൻ പോലും പ്രയാസം തോന്നി. എന്നാൽ എനിക്ക് ടീമിനെ പിന്തുണക്കണമായിരുന്നു, അവർക്കുവേണ്ടി കളിക്കണമായിരുന്നു. അതാണ് പ്രതിസന്ധി ഘട്ടത്തിൽ എനിക്ക് ആത്മവിശ്വാസം നൽകിയത്. ആരാധകർ നൽകിയ സ്നേഹവും വലുതാണെന്നും താരം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.