‘ഞെട്ടലുണ്ടാക്കി, എന്തുകൊണ്ടാണ് ആരും വാങ്ങാതെ പോയതെന്ന് അറിയില്ല’; കോഹ്ലിയെ ഏഴു തവണ പുറത്താക്കിയ ഇന്ത്യൻ പേസർ
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) പുതിയ സീസണിലേക്കുള്ള മിനി ലേലം കഴിഞ്ഞദിവസമാണ് കൊച്ചിയിൽ നടന്നത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി.
റെക്കോഡ് തുകക്കാണ് പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയത്. 18.5 കോടി. ആസ്ട്രേലിയൻ ഓൾ റൗണ്ടർ കമാറൂൺ ഗ്രീനെ 17.5 കോടി രൂപക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി. ഐ.പി.എല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയാണിത്. ഇംഗ്ലണ്ട് താരമായ ബെൻ സ്റ്റോക്സ് (16.25 കോടി), നിക്കോളാസ് പൂരൻ (16 കോടി) ഹാരി ബ്രൂക്ക് (13.25 കോടി) എന്നിവരാണ് ലേലത്തിലെ വിലയേറിയ മറ്റു താരങ്ങൾ. അതേസമയം, ഏതാനും പേരുകേട്ട താരങ്ങളെ സ്വന്തമാക്കാൻ ഒരു ടീമും മുന്നോട്ടുവരാത്തതും ശ്രദ്ധേയമായി.
പഞ്ചാബ് പേസറായ സന്ദീപ് ശർമയാണ് അതിലൊരു താരം. പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് താരമായിരുന്നു സന്ദീപിന്‍റെ അടിസ്ഥാന വില 50 ലക്ഷം രൂപയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ അടുത്തിടെ മികച്ച പ്രകടനം നടത്തിയിട്ടും ലേലത്തിൽ ആരും വാങ്ങാത്തതിലുള്ള നിരാശ സന്ദീപ് പരസ്യമാക്കുകയും ചെയ്തു.
വലിയ ഞെട്ടലുണ്ടാക്കിയെന്നും എന്തുകൊണ്ടാണ് ആരും വാങ്ങാതെ പോയതെന്ന് അറിയില്ലെന്നും ക്രിക്കറ്റ് ഡോട്കോമിനോട് താരം വെളിപ്പെടുത്തി. ‘ഞാൻ വലിയ ഞെട്ടലിലും നിരാശയിലുമാണ്. എന്തുകൊണ്ടാണ് എന്നെ ആരും വാങ്ങാതെ പോയതെന്ന് എനിക്കറിയില്ല. ഞാൻ ഏത് ടീമിനായി കളിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഏതെങ്കിലും ടീം എനിക്കായി ലേലം വിളിക്കുമെന്ന് ആത്മാർഥമായി വിശ്വസിച്ചു. സത്യം പറഞ്ഞാൽ ഇത് പ്രതീക്ഷിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് പോലും അറിയില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ മികച്ച പ്രകടനമാണ് നടത്തുന്നത്. രഞ്ജി ട്രോഫിയിൽ അവസാന റൗണ്ടിൽ ഞാൻ ഏഴ് വിക്കറ്റ് വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിലും മികച്ച പ്രകടനം നടത്തി’ -സന്ദീപ് പറഞ്ഞു.
ഐ.പി.എല്ലിൽ താരത്തിന്‍റെ പേരിലുള്ളത് ഭേഭപ്പെട്ട പ്രകടനമാണ്. 104 മത്സരങ്ങളിൽനിന്നായി 114 വിക്കറ്റ് നേടിയിട്ടുണ്ട്. എക്കണോമി 7.77. പവർ പ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ സന്ദീപിനു മുന്നിലുള്ള ഏക താരം ഭുവനേശ്വർ കുമാർ മാത്രമാണ്. 2014 മുതൽ 2020 വരെയുള്ള കാലയളവിൽ ഓരോ എഡിഷനിലും 12ലധികം വിക്കറ്റ് നേടിയ ഏക ബൗളർ കൂടിയാണ് സന്ദീപ്.
ഐ.പി.എല്ലിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയെ ഏറ്റവും കൂടുതൽ പുറത്താക്കിയ റെക്കോഡും താരത്തിനാണ്. ഏഴു തവണയാണ് കോഹ്ലിയെ സന്ദീപ് ഔട്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.