ബെൻ സ്റ്റോക്സുമായി താരതമ്യം ചെയ്യാനൊന്നും ഹാർദിക് പാണ്ഡ്യ വളർന്നിട്ടില്ലെന്ന് പാകിസ്താന്‍ മുൻ ക്യാപ്റ്റൻ
text_fieldsലോക ക്രിക്കറ്റിലെ മികച്ച ആൾറൗണ്ടർമാരാണ് ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയും ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സും. മികച്ച ബാറ്റിങ്ങിലൂടെയും ബൗളിങ്ങിലൂടെയും ഫീൽഡിങ്ങിലൂടെയുമെല്ലാം പലപ്പോഴും തങ്ങളുടെ ടീമിനെ ഇരുവരും വിജയത്തിലെത്തിച്ചിട്ടുണ്ട്. ഇന്ത്യ–ആസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാണ്ഡ്യയുടെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ, ബെൻ സ്റ്റോക്സുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്.
ബെൻ സ്റ്റോക്സുമായി താരതമ്യം ചെയ്യാനൊന്നും ഹാർദിക് പാണ്ഡ്യ വളർന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പാണ്ഡ്യ മികച്ച താരമാണെന്നും എന്നാൽ, ഇപ്പോൾ തിളങ്ങിയത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിലാണെന്നും യു ട്യൂബ് ചാനലിൽ അദ്ദേഹം പറഞ്ഞു.
''ഹാർദിക് പാണ്ഡ്യ മികച്ച താരമാണെന്നതിൽ സംശയമില്ല, പക്ഷെ ഇത് രണ്ടു ടീമുകൾ ഏറ്റുമുട്ടുന്നൊരു പരമ്പരയാണ്. ഏഷ്യാകപ്പ് അടുത്തിടെയാണ് അവസാനിച്ചത്. അതിലെ പ്രകടനം കൂടി പരിഗണിക്കേണ്ടതുണ്ട്. ബെൻ സ്റ്റോക്സ് മികവ് തെളിയിച്ച താരമാണ്. ഇംഗ്ലണ്ടിനായി ലോകകപ്പും ടെസ്റ്റ് മത്സരങ്ങളും ജയിപ്പിച്ച താരമാണ് സ്റ്റോക്സ്. അതുകൊണ്ടു തന്നെ പ്രകടനത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു താരതമ്യത്തിന് സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. ട്രോഫി നേടുകയെന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ ബെൻ സ്റ്റോക്സ് ഹാർദിക് പാണ്ഡ്യയേക്കാൾ മുകളിലാണ്. ഹാർദിക്കിന്റെ ചില ഇന്നിങ്സുകൾ സ്റ്റോക്സിനേക്കാളും മികച്ചതായിരിക്കാം. എന്നാൽ, മികച്ച ഇന്നിങ്സുകളുള്ളതും മികച്ച താരമായിരിക്കുന്നതും രണ്ടാണ്''– റാഷിദ് ലത്തീഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.