'എനിക്ക് ധാരാളം കീപ്പർമാരുണ്ട്...ആരാണ് കളിക്കുന്നതെന്ന് കാണാം'-പന്തിനെ 'വെല്ലുവിളിച്ച്' കോഹ്ലി
text_fieldsദുബൈ: ഐ.പി.എല്ലിൽ നിന്ന് സ്വന്തം ടീമുകൾ പുറത്തായതോടെ വിരാട് കോഹ്ലിയും ഋഷഭ് പന്തും ട്വന്‍റി20 ലോകകപ്പിന് ഒരുങ്ങുകയാണ്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പ്ലേഓഫിലേക്ക് നയിച്ച പന്ത് 16 മത്സരങ്ങളിൽ നിന്ന് 419 റൺസ് അടിച്ചുകുട്ടി ബാറ്റുകൊണ്ടും മികവ് കാട്ടിയിരുന്നു. എന്നാൽ തന്‍റെ പക്കൽ ധാരാളം വിക്കറ്റ് കീപ്പർമാരുണ്ടന്നും സന്നാഹ മത്സരത്തിൽ ആരാണ് കളിക്കുകയെന്ന് നോക്കാമെന്നും പന്തിനെ ഓർമിപ്പിക്കുകയാണ് കോഹ്ലി.
ലോകകപ്പിന്‍റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട വിഡിയോയിലായിരുന്നു താരങ്ങളുടെ രസകരമായ സംഭാഷണം. സിക്സുകളാണ് ട്വന്‍റി20 ക്രിക്കറ്റിൽ മത്സരങ്ങൾ വിജയിപ്പിക്കുന്നതെന്ന് വിഡിയോകോളിൽ കോഹ്ലി പന്തിനോട് പറഞ്ഞു.
പേടിക്കേണ്ട ഭയ്യാ ഞാനെന്നും പരിശീലനം ചെയ്യുന്നുണ്ടെന്നും ഒരു വിക്കറ്റ് കീപ്പറാണെല്ലോ സിക്സടിച്ച് നമുക്ക് ലോകകപ്പ് നേടിത്തന്നതെന്നും പന്ത് കോഹ്ലിയെ ഓർമിപ്പിച്ചു. 2011ൽ വാംഖഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ സിക്സറടിച്ച് ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിത്തന്ന എം.എസ്. ധോണിയെയാണ് പന്ത് ഇവിടെ സൂചിപ്പിച്ചത്.
അതെ, എന്നാൽ ധോണി ഭായിയെ പോലെ ഒരുവിക്കറ്റ് കീപ്പറെ ഇന്ത്യക്ക് അതിന് ശേഷം ലഭിച്ചിട്ടില്ലെന്നായിരുന്നു കോഹ്ലിയുടെ മറുപടി. താനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് പന്ത് പറഞ്ഞപ്പോൾ തനിക്ക് ധാരാളം കീപ്പർമാരുണ്ടെന്നും സന്നാഹ മത്സരത്തിൽ ആരാണ് കളിക്കുന്നതെന്ന് കാണാമെന്നും കോഹ്ലി പറഞ്ഞു. പന്തിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്ററായി സ്ക്വാഡിലുണ്ട്. ഐ.പി.എല്ലിലടക്കം വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയുന്ന കെ.എൽ. രാഹുലും കോഹ്ലിക്ക് മുമ്പിൽ ഒരു ഓപ്ഷനാണ്.
ഒക്ടോബർ 24ന് പാകിസ്താനെതിരെയാണ് ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. അതിനുമുന്നോടിയായി ഒക്ടോബർ18ന് ഇംഗ്ലണ്ടും 20ന് ആസ്ട്രേലിയക്കുമെതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.