'ഒരിക്കലും തോൽവി സമ്മതിക്കാത്ത കോഹ്‍ലിയുടെ മനോഭാവമാണ് ഇഷ്ടം'; വിരാട് കോഹ്‍ലിയെ പുകഴ്ത്തി പാക് താരങ്ങൾ
text_fieldsഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെ പുകഴ്ത്തി പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ വിഡിയോയിലാണ് താരങ്ങളുടെ കോഹ്‍ലിയെ കുറിച്ചുള്ള അഭിപ്രായപ്രകടനം. ഒരിക്കലും തോറ്റു കൊടുക്കാത്ത കോഹ്‍ലിയുടെ മനോഭാവമാണ് തനിക്കിഷ്ടമെന്ന് പാകിസ്താൻ മുൻനിര ബാറ്റർ ഇമാം ഉൾ ഹഖ് പറഞ്ഞു.
സ്വന്തം നാട്ടിൽ ആസ്ട്രേലിയൻ താരങ്ങളുമായി അവൻ കലഹിച്ചത് എനിക്ക് ഇഷ്ടമായിരുന്നു. ഏത് സാഹചര്യത്തിലും നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്ന് കോഹ്‍ലി ഉറച്ച് വിശ്വസിക്കുന്നു. റൺസിനായുള്ള കോഹ്‍ലിയുടെ വിശപ്പ് ഒരിക്കലും അവസാനിക്കുന്നില്ലെന്നും ഇമാം ഉൾ ഹഖ് പറഞ്ഞു.
കോഹ്‍ലിക്കായി നെറ്റ്സിൽ പന്തെറിയുന്ന സമയത്ത് പന്ത് കൃത്യമായി എവിടെ പിച്ച് ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. നെറ്റ്സിൽ പോലും അദ്ദേഹം അഗ്രഷൻ കാണിച്ചിരുന്നുവെന്ന് പാക് പേസർ ഹാരിസ് റൗഫ് പറഞ്ഞു.
കോഹ്‍ലിയുടെ ഫിനിഷിങ് ഷോട്ടുകൾ മറ്റ് കളിക്കാരിൽ നിന്നും തീർത്തും വിഭിന്നമാണെന്നും ആരും അതിന്റെ അടുത്തേക്ക് എത്തില്ലെന്നും പാക് താരം മുഹമ്മദ് റിസ്വാൻ പറഞ്ഞു. വിരാടിന്റെ റൺസിനായുള്ള ദാഹവും സ്വയം മെച്ചപ്പെടാനുള്ള കഴിവുമാണ് തന്നെ ആകർഷിച്ചതെന്ന് പാക് ആൾ റൗണ്ടർ ഷഹദാബ് ഖാനും വ്യക്തമാക്കി.
രോഹിത്തിന്റെയും വിരാടിന്റെയും ബാറ്റുകളും ജസ്പ്രീതിന്റെ പന്തും വാചാലമാകാനൊരുങ്ങുന്ന അഹ്മദാബാദ് നരേന്ദ്ര മോദി മൈതാനത്ത് ഇന്ന് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ അയൽപോരാണ് നടക്കുന്നത്. ലോകകപ്പിൽ ഏഴുവട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കൽ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താൻ പാഡുകെട്ടുമ്പോൾ ഇതുവരെയും കാത്ത അപരാജിത കുതിപ്പ് തുടരാനാണ് ആതിഥേയരുടെ അങ്കക്കലി.
അമിതാഭ് ബച്ചനും രജനികാന്തും പോലുള്ള ഇതിഹാസങ്ങൾ കളി കാണാനെത്തുന്ന മൈതാനത്ത് ഇത്തിരി നേരത്തേ ആഘോഷം കൊഴുപ്പിച്ചാകും മത്സരത്തിന് തുടക്കമാകുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.