'ഈ ടീമിനെ ഞാൻ സ്നേഹിക്കുന്നു'-കുറിപ്പുമായി മുംബൈ നായകൻ രോഹിത് ശർമ
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ തോൽവികളിലൂടെ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ഉള്ളിൽ തൊടുന്ന കുറിപ്പുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. തങ്ങളുടെ മികവ് ഇതുവരെ പുറത്തെടുക്കാനായിട്ടില്ലെന്നും ഈ ടീമിനെയും പരിസരതെതയും താൻ സ്നേഹിക്കുന്നുവെന്നുമാണ് രോഹിത് പറയുന്നത്.
ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെ 49ാം ജന്മദിനത്തിലുയർന്ന 'സചിൻ, സചിൻ' വിളികൾ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന് പുതുഊർജ്ജം പകരുന്ന അന്തരീക്ഷമായിരുന്നു ഉയർത്തിയത്. എന്നാൽ ഞായറാഴ്ച ലഖ്നോ സൂപ്പർ ജയന്റ്സിനോടും തോൽക്കാനായിരുന്നു വിധി.
ഏറ്റവും കൂടുതൽ തവണ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ട ടീം ഇക്കുറി ടൂർണമെന്റ് പാതിവഴിയിലെത്തിയപ്പോൾ തന്നെ പുറത്തായിക്കഴിഞ്ഞു. അതും തുടർച്ചയായി എട്ടു തോൽവികൾ ഏറ്റുവാങ്ങി ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഒരു ടീമിനും ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ലാത്ത നാണക്കേടുമായി. 31 പന്തിൽ 39 റൺസ് നേടി രോഹിത് ഫോം സൂചനകൾ നൽകിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ നായകനായില്ല.
'ഞങ്ങളുടെ മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ല. പക്ഷേ, അതിനു മുമ്പ് അത് സംഭവിച്ചിരിക്കുന്നു.. നിരവധി കായിക ഭീമന്മാർ ഈ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ ഞാൻ ഈ ടീമിനെയും പരിസരത്തെയും സ്നേഹിക്കുന്നു. ഈ ടീമിനോട് ഇതുവരെ വിശ്വാസവും അചഞ്ചലമായ വിശ്വസ്തതയും കാണിച്ച ഞങ്ങളുടെ അഭ്യുദയകാംക്ഷികളെയും അഭിനന്ദിക്കാനും ആഗ്രഹിക്കുന്നു'-രോഹിത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 'ശക്തമായി ഒരുമിച്ച്' എന്ന ഹാഷ്ടാഗോടെ മുംബൈ ഇന്ത്യൻസ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ടീമിനൊപ്പം രോഹിത്തിനും കഷ്ടകാലമാണ് ഇപ്പോൾ. സീസണിൽ ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്നായി 20ൽ താഴെ ശരാശരിയിൽ 153 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്.
പിഴയടച്ചു തുടങ്ങിയ ലേലം
മുംബൈക്ക് ആദ്യ തോൽവി പിണഞ്ഞത് മെഗാ താരലേലത്തിലായിരുന്നു. മുൻകാലങ്ങളിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും തിളങ്ങിയ താരങ്ങളെ തിരഞ്ഞെടുത്ത് ഏറ്റവും സന്തുലിതമായ ടീമിനെയായിരുന്നു മുംബൈ ഒരുക്കിയിരുന്നത്. എന്നാൽ, ഇക്കുറി ലേലത്തിൽ മികച്ച താരങ്ങളെയെല്ലാം മറ്റു ടീമുകൾ സ്വന്തമാക്കിയപ്പോൾ മുംബൈയുടെ ടേബിളിൽ നിന്ന് ബാഡ്ജുയർന്നതേയില്ല.
അതേസമയം, ഈ സീസണിലെ ഏറ്റവും ഉയർന്ന തുകക്ക് (15 കോടി) ഇശാൻ കിഷനെ സ്വന്തമാക്കാനാണ് ടീം മാനേജ്മെന്റ് താൽപര്യം കാണിച്ചത്. ബാറ്റിങ്ങിൽ മുംബൈയുടെ കരുത്തായിരുന്ന ക്വിൻറൺ ഡികോക്കിനെ പുതിയ ടീമായ ലഖ്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ഗുജറാത്ത് റാഞ്ചി. ബൗളിങ്ങിലെ കുന്തമുനയായ ട്രെന്റ് ബോൾട്ടിനെ രാജസ്ഥാൻ കൊണ്ടുപോയി. ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയെ ലഖ്നോ പാളയത്തിലെത്തിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിനിൽക്കുന്ന ഒരുപിടി യുവതാരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കുന്നതിനു പകരം പഴയ പടക്കുതിരകൾ വിജയം കൊണ്ടുവരുമെന്ന് വിചാരിച്ചിടത്താണ് ടീം മാനേജ്മെന്റ് പരാജയപ്പെട്ടത്.
കളിയിലും കാര്യമില്ലാതായി
ഒട്ടും സന്തുലിതമല്ലാത്ത ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും പഴയ താരങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവന്നതാണ് മുംബൈക്ക് തിരിച്ചടിയായത്. ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ് അതിൽ മുഖ്യ ഉത്തരവാദി. സ്വതസിദ്ധമായ അലസതയോടെ ബാറ്റ് വീശി വിക്കറ്റ് കളഞ്ഞുകുളിക്കുന്ന ക്യാപ്റ്റൻ ഗാലറിയിലേക്കുള്ള മാർച്ചിൽ സഹകളിക്കാർക്ക് മികച്ച മാതൃകയായി.
15 കോടി എന്ന അമിതവിലയുടെ സമ്മർദം താങ്ങാനാവാതെ തപ്പിത്തടയുന്ന ഇശാൻ കിഷൻ കൂടുതൽ ബോളുകൾ കളിച്ച് കുറഞ്ഞ റണ്ണുമായി പുറത്താകുന്നത് പതിവായി ആവർത്തിക്കപ്പെട്ടു. മധ്യനിരയിൽ സൂര്യകുമാർ യാദവ് മാത്രമാണ് അൽപമെങ്കിലും ഭേദപ്പെട്ടു കളിക്കുന്നത്. ജൂനിയർ ഡിവില്ലിയേഴ്സ് എന്ന വിശേഷണവുമായി വന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് എന്ന കൗമാര താരം ഒരു കളിയിൽ ഉജ്ജ്വല ഫോമിലായതൊഴിച്ചാൽ നിലയുറപ്പിക്കും മുമ്പ് പുറത്താകുന്നത് മുംബൈക്ക് കനത്ത പ്രഹരമായി.
എക്കാലവും നായകന്റെ വിശ്വസ്തനായിരുന്ന കീറോൺ പൊള്ളാർഡാവട്ടെ പ്രായത്തിന്റെ അവശതകളിൽ വലയുന്നു. അതിനിടയിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു കഴിഞ്ഞു.
ബൗളിങ്ങിലാണ് മുംബൈ ഏറ്റവും പിന്നിലായത്. ജസ്പ്രീത് ബുംറയെ തന്നെ കൂടുതൽ ആശ്രയിക്കേണ്ടിവരുന്ന ഗതികേടിലായി ടീം. ബുംറയാകട്ടെ മുൻകാലങ്ങളിലെ പോലെ വിക്കറ്റ് വീഴ്ത്തുന്നുമില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആസ്ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസിന് പൊതിരെ തല്ലുകിട്ടുന്നുമുണ്ട്.
മറ്റ് ടീമുകൾ ലേലത്തിനെടുക്കാൻ മടിച്ച ജയദേവ് ഉനദ്കട്ടാണ് മുംബൈയുടെ പ്രധാന ബൗളർമാരിൽ ഒരാൾ എന്നതുതന്നെ ടീമിന്റെ പരാജയം തെളിച്ചുകാട്ടുന്നു. ഇതുവരെ കളിച്ച എട്ടുകളികളിലും തോറ്റുകഴിഞ്ഞു. അതിൽ രണ്ടുവട്ടം തോൽവി വഴങ്ങിയത് ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ. ഇനി ഗുജറാത്തിനും സൺറൈസേഴ്സ് ഹൈദരാബാദിനും എതിരെ കൂടി തോറ്റാൽ പരാജയം സമ്പൂർണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.