‘എന്നെ തോറ്റുപോയ നായകനാക്കി ചിത്രീകരിച്ചു’ -കോഹ്ലി
text_fieldsന്യൂഡൽഹി: ഐ.സി.സി ട്രോഫികൾ നേടാത്തതിനാൽ തന്നെ തോറ്റുപോയ നായകനാക്കി ഒരുപറ്റം ക്രിക്കറ്റ് ആരാധകരും വിദഗ്ധരും ചിത്രീകരിച്ചെന്ന് വിരാട് കോഹ്ലി. എന്നാൽ, ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റം കൊണ്ടുവന്നതിൽ ഏറെ അഭിമാനിക്കുന്നതായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോഡ്കാസ്റ്റ് സീസൺ രണ്ടിൽ കോഹ്ലി പറഞ്ഞു.
ജയിക്കാനാണ് ചാമ്പ്യൻഷിപ്പുകൾ കളിക്കുന്നത്. 2017ലെ ചാമ്പ്യൻസ് ട്രോഫിയിലും 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ട്വന്റി20 ലോകകപ്പിലും ടീമിനെ നയിക്കാനായി. ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിലെത്തി. 2019 ലോകകപ്പിൽ സെമിയിലും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലിൽ കളിച്ചു. എന്നിട്ടും തോറ്റ നായകനായി തന്നെ പലരും വിശേഷിപ്പിച്ചെന്ന് കോഹ്ലി വിലപിക്കുന്നു.
2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിൽ താനുണ്ടായിരുന്നെന്ന് കോഹ്ലി ഓർമപ്പെടുത്തുന്നു. 2013ലെ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിലും കളിച്ചു. സചിൻ ടെണ്ടുൽകർ ആറാമത്തെ ലോകകപ്പിലാണ് കിരീടം നേടിയത്. താൻ കന്നിലോകകപ്പിൽ തന്നെ കിരീടം സ്വന്തമാക്കി. ലോകകപ്പ് നേടാത്ത നിരവധി താരങ്ങൾ നമുക്കു ചുറ്റുമുണ്ട്. തന്റെ ഷോക്കേസിൽ ട്രോഫികൾ നിറഞ്ഞുകാണണമെന്ന അതീവ ആഗ്രഹം ഇല്ലെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു. ഫോമില്ലാതെ ഉഴലുമ്പോൾ തന്നെ പിന്തുണച്ച ഏകവ്യക്തി എം.എസ്. ധോണിയാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.