‘ലേലം 1.10 കോടിയിൽ നിന്നുപോയത് എന്തുകൊണ്ടാണെന്ന് ഞാൻ അതിശയിച്ചു’; മനസ്സ് തുറന്ന് ഇന്ത്യൻ യുവ പേസർ
text_fieldsഇന്ത്യയിൽ ക്രിക്കറ്റ് പൂരത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) 16ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. തുടർച്ചയായ രണ്ടാം തവണയും ടീമിന് കിരീടം നേടികൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗുജറാത്ത് ടൈറ്റൻസിന്‍റെ ഇന്ത്യൻ യുവ പേസർ ശിവം മാവി പറഞ്ഞു.
‘കഴിഞ്ഞ വർഷത്തെപ്പോലെ ഞങ്ങൾ (ഗുജറാത്ത് ടൈറ്റൻസ്) ഇവിടെയും ജയിക്കും, ഞാൻ അവരോടൊപ്പം ചേർന്നു, വീണ്ടും ചാമ്പ്യന്മാരാകാൻ ടീമിനെ സഹായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ -ടീം പുറത്തുവിട്ട വിഡിയോയിൽ മാവി പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന മാവിയെ ഈ സീസണിലാണ് ഗുജറാത്ത് ടീമിലെത്തിച്ചത്.
2018ൽ ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണ് താരത്തെ കൊൽക്കത്ത ടീമിലെടുത്തത്. ഐ.പി.എൽ ലേലത്തെ കുറിച്ചും 24കാരൻ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചു. ‘ലേല നടപടികൾ പുരോഗമിക്കുമ്പോൾ, ഞാൻ നാഗാലാൻഡിൽ ഉത്തർപ്രദേശിനെതിരെ രഞ്ജി ട്രോഫി കളിക്കുകയായിരുന്നു. എന്‍റെ ലേലം 1.10 കോടി രൂപയിൽനിന്നു. എന്തുകൊണ്ടാണ് ഈ തുകയിൽ നിന്നുപോയതെന്ന് ഞാൻ അതിശയിച്ചു’ -മാവി പ്രതികരിച്ചു.
ഗുജറാത്ത് ടൈറ്റൻസ് തന്നെ വിളിച്ചെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അവർക്കൊപ്പം കളിക്കാനാകുന്നതിൽ വലിയ ആവേശമായിരുന്നു. ടീം മാനേജ്‌മെന്റും നായകനും നല്ലവരാണെന്ന് കേട്ടിരുന്നു. അവരെയൊക്കെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. ടീമിന്റെ ഈ സ്വഭാവവും അന്തരീക്ഷവും ശരിക്കും നല്ലതാണ്, അതുകൊണ്ടാണ് തന്നെ ഗുജറാത്ത് ടീം തന്നെ തെരഞ്ഞെടുക്കണമെന്ന് ആഗ്രഹിച്ചതെന്നും മാവി വ്യക്തമാക്കി.
ദീർഘകാല സുഹൃത്തും ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ടീമിലെ സഹതാരവുമായ ശുഭ്മാൻ ഗില്ലിനൊപ്പം കളിക്കാനായി കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.