ഇനി, ലോർഡ് ഇയാൻ ബോതം
text_fieldsലണ്ടൻ: മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇയാൻ ബോതമിന് ബ്രിട്ടീഷ് പാർലമെൻറിെൻറ പ്രഭുസഭയിൽ അംഗത്വം. സഭയിലേക്ക് ബ്രിട്ടീഷ് സർക്കാർ നേരിട്ട് തെരഞ്ഞെടുത്ത 36 പേരിൽ ഒരാളായാണ് ബോതമും ഇടം നേടിയത്. 1977- 1992 കാലയളവിൽ ഇംഗ്ലണ്ടിനായി 102ടെസ്റ്റും, 116 ഏകദിനവും കളിച്ച ബോതമിനെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒാൾറൗണ്ടറായാണ് വിശേഷിപ്പിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ നിറസ്സാന്നിധ്യമായി. ക്രിക്കറ്റിനും സമൂഹത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2007ൽ 'സർ' പദവിയിൽ നൈറ്റ് ഹുഡ് പുരസ്കാരം നൽകിയിരുന്നു. 2009ൽ െഎ.സി.സിയുടെ ക്രിക്കറ്റ് ഹാൾ ഒാഫ് ഫെയിമിലും ഇടം നേടി.
2011ന് ശേഷം ബ്രിട്ടീഷ് പ്രഭുസഭയിൽ ഇടം ലഭിക്കുന്ന ആദ്യ ക്രിക്കറ്ററാണ് ബോതം. ഡേവിഡ് ഷെപ്പേഡ്, കോളിൻ കൗഡ്രി, ലിയറി കോൺസ്റ്റൻറയ്ൻ, വനിതാ ടീം ക്യാപ്റ്റനായിരുന്ന റേച്ചൽ ഹെയ്ഒാ എന്നിവർ നേരത്തേ അംഗങ്ങളായിരുന്നു. 1981ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച പ്രകടനമായിരുന്നു അദ്ദേഹത്തിെൻറ കരിയറിലെ ഏറ്റവും തിളക്കമേറിയത്. ആറ് ടെസ്റ്റുകളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 3-1ന് ജയിച്ചപ്പോൾ 34 വിക്കറ്റും രണ്ട് സെഞ്ച്വറിയുമായി ബോതം പരമ്പരയുടെ താരമായി. വിരമിച്ച ശേഷം, കമൻററിബോക്സിലെ സാന്നിധ്യത്തിനൊപ്പം അർബുദത്തിനെതിരായ പോരാട്ടത്തിലും, പക്ഷി സംരക്ഷണ പ്രവർത്തനങ്ങളിലുമായി അദ്ദേഹം സജീവമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.