പാകിസ്താനെ പറപ്പിച്ച് അഫ്ഗാനിസ്താൻ; എട്ട് വിക്കറ്റ് ജയം
text_fieldsചെന്നൈ: ചെപ്പോക്കിൽ അയൽക്കാരായ പാകിസ്താനെ താരതമ്യേന ദുർലബലരായ അഫ്ഗാനിസ്താൻ എട്ട് വിക്കറ്റിന് തകർത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. എന്നാൽ, മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്താൻ ആറ് പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. സ്കോർ - അഫ്ഗാനിസ്താൻ - 286 (2 wkts, 49 Ov)
ടോപ് ഓർഡർ ബാറ്റർമാരുടെ ഗംഭീര പ്രകടനമാണ് അഫ്ഗാന്റെ വിജയം എളുപ്പമാക്കിയത്. മൂന്ന് താരങ്ങളാണ് ഇന്ന് അർധ സെഞ്ച്വറി നേടിയത്. ഓപണർമാരായ റഹ്മാനുള്ള ഗുർബാസും (52 പന്തുകളിൽ 65) ഇബ്രാഹിം സർദാനും (113 പന്തുകളിൽ 87) ഗംഭീര തുടക്കമായിരുന്നു അഫ്ഗാന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റൺസാണ് കൂട്ടിച്ചേർത്തത്.
ഷഹീൻ അഫ്രീദിയുടെ പന്തിൽ ഉസ്മാൻ മിറിന് പിടി നൽകി ഗുർബാസ് മടങ്ങിയെങ്കിലും തുടർന്നെത്തിയ റഹ്മത്ത് ഷാ, സർദാനൊപ്പം സ്കോർ ഉയർത്താൻ തുടങ്ങി. ഇബ്രാഹിം സർദാൻ പുറത്താകുമ്പോൾ അഫ്ഗാൻ സ്കോർ 190-ലെത്തിയിരുന്നു. നായകൻ ഹഷ്മത്തുള്ള ഷാഹിദിയായിരുന്നു നാലാമനായി എത്തിയത്. ഷായും ഷാഹിദിയും ചേർന്നായിരുന്നു വിജയറൺ നേടിയത്. റഹ്മത്ത് ഷാ 84 പന്തുകളിൽ 77 റൺസ് നേടിയപ്പോൾ നായകൻ 45 പന്തുകളിൽ 48 റൺസ് നേടി.
നാലിൽ രണ്ട് കളികളും തോറ്റ് ലോകകപ്പ് സെമി ഫൈനൽ സാധ്യത അവതാളത്തിലായ പാകിസ്താന് മൂന്നാം തോൽവി കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, നാല് കളികളിൽ ഒരു ജയവുമായി ഏറ്റവും ഒടുവിലുണ്ടായിരുന്ന അഫ്ഗാനിസ്താൻ ഇപ്പോൾ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് കയറി.
നേരത്തെ നായകൻ ബാബർ അസമിന്റെയും ഓപണർ ഷഫിഖിന്റെയും അർധ സെഞ്ച്വറിയാണ് പാകിസ്താന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബാബർ 92 പന്തുകളിൽ നാല് ഫോറും ഒരു സിക്സുമടക്കം 75 റൺസ് എടുത്തു. ഷഫിഖ് 75 പന്തുകളിൽ 58 റൺസുമെടുത്തു. ഷദാബ് ഖാനും ഇഫ്തിഖർ അഹമദും 40 റൺസ് വീതമെടുത്തു. അഫ്ഗാന് വേണ്ടി നൂർ അഹമദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.