ഇന്ത്യയുടെ മടക്കവും കോഹ്ലി- ശാസ്ത്രി പടിയിറക്കവും
text_fieldsമുംബൈ: ചെറുമീനുകളായ നമീബിയക്കെതിരായ അവസാന ഗ്രൂപ് അങ്കം ജയിച്ച് സെമി കാണാതെ ട്വൻറി20 ലോകകപ്പിൽനിന്ന് ഇന്ത്യ മടങ്ങുേമ്പാൾ രണ്ടു പ്രധാന തലമാറ്റങ്ങൾക്കുകൂടി രാജ്യം സാക്ഷി. ട്വൻറി20 നായക പദവിയിൽനിന്ന് വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയുമാണ് മടങ്ങുന്നത്.
ട്വൻറി20 വിജയക്കണക്കുകളിൽ മുന്നിൽനിൽക്കുേമ്പാഴും വമ്പൻ കിരീടങ്ങൾ ഇതുവരെയും ഷോകേസിലെത്തിക്കാനാവാതെയാണ് കോഹ്ലി പിൻവാങ്ങുന്നത്. വൈകാതെ ഏകദിന ക്യാപ്റ്റൻ പദവിയും താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായക പദവി താരം നേരത്തേ വിട്ടിരുന്നു. 2013നു ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ട്വൻറി20 ലോകകപ്പിൽ നോക്കൗട്ട് കടക്കാതെ പുറത്താകുന്നത്. അവസാന മത്സരഫലം അപ്രധാനമാകുന്നതും ഏറെ കാലത്തിനിടെ ആദ്യം. ഇതേ ഫോർമാറ്റിൽ അടുത്ത ലോകകപ്പിലേക്ക് 11 മാസം മാത്രം ദൂരം ബാക്കിനിൽക്കെ തലമാറ്റത്തിന് രാജ്യം നിർബന്ധിതമാണെന്നതാണ് യാഥാർഥ്യം.
മറുവശത്ത്, നാലുവർഷത്തെ കരിയറിനൊടുവിലാണ് ശാസ്ത്രിയുഗം അവസാനിക്കുന്നത്. ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവരും ഇതോടൊപ്പം പടിയിറങ്ങുമെന്നാണ് സൂചന. ശാസ്ത്രിക്കു കീഴിൽ രാജ്യം വലിയ ഉയരങ്ങൾ കുറിച്ചെങ്കിലും 2017നും 2021നുമിടയിൽ ഐ.സി.സി ട്രോഫികളൊന്നും ലഭിച്ചിട്ടില്ല. ശാസ്ത്രിയുടെ പിൻഗാമിയായി ദ്രാവിഡ് ചുമതലയേൽക്കുന്നതോടെ ബൗളിങ് കോച്ചായി പരസ് മാംബ്രെയും ഫീൽഡിങ്ങിൽ അഭയ് ശർമയും എത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.