ഒരേ ഒരു ഇന്ത്യ; ഐ.സി.സി റാങ്കിങ്ങിൽ തിളങ്ങുന്നത് ടീം ഇന്ത്യയും താരങ്ങളും
text_fieldsന്യൂഡൽഹി: ലോക ക്രിക്കറ്റിൽ അടിമുടി ഇന്ത്യൻ മയമാണ്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒന്നാം നമ്പർ ടീമായി മാറിയ ഇന്ത്യക്ക് എല്ലാം കൊണ്ടും നല്ല സമയമാണ്. 118 റേറ്റിങ്ങുമായ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്. 116 റേറ്റിങ്ങുമായി ഏകദിനത്തിലും ഒന്നാമത്. 264 റേറ്റിങ്ങിൽ ട്വന്റി 20 യിലും നമ്പർ വൺ. കൂടാതെ വ്യക്തിഗത റാങ്കിങ്ങിലും ഇന്ത്യയുടെ മേധാവിത്വമാണ്.
889 റേറ്റിങ്ങുമായി ട്വന്റി 20 നമ്പർവൺ ബാറ്റർ ഇന്ത്യയുടെ സൂര്യകുമാർ യാദവാണ്. 694 റേറ്റിങ്ങുള്ള മുഹമ്മദ് സിറാജാണ് എകദിനത്തിലെ ഒന്നാം നമ്പർ ബൗളർ. 879 റേറ്റിങ്ങുമായി രവിചന്ദ്ര അശ്വിനാണ് ടെസ്റ്റ് ബൗളിങ്ങിൽ ഒന്നാം സ്ഥാനത്ത്. 455 റേറ്റിങ്ങുമായി രവീന്ദ്ര ജഡേജയാണ് ടെസ്റ്റിലെ ആൾറൗണ്ടർമാരിൽ ഒന്നാമത്. അതിൽ രണ്ടാതുള്ളത് രവിചന്ദ്ര അശ്വിനാണ്.
ഏകദിന ബാറ്റിങ്ങിൽ 814 റേറ്റിങ്ങുമായി ഇന്ത്യൻ ഒാപണർ ശുഭ്മാൻ ഗിൽ രണ്ടാമതുണ്ട്. ട്വന്റി 20 ആൾറൗണ്ടർമാരിൽ 240 റേറ്റിങ്ങുമായി ഹാർദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്താണ്.
തകർപ്പൻ പ്രകടനത്തിലൂടെ ഏഷ്യ കപ്പ് കിരീടം ചൂടിയ ഇന്ത്യ ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ഏകദിനം അഞ്ചു വിക്കറ്റിന് ജയിച്ചതിനു പിന്നാലെയാണ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. പാകിസ്താനെയാണ് ഏകദിനത്തിൽ പിന്തള്ളിയത്.
കഴിഞ്ഞ ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ഇന്ത്യ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയാണ് റേറ്റിങ് നിലനിർത്തി ടെസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
അതേസമയം, പുരുഷ ക്രിക്കറ്റ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ടീം മൂന്ന് ഫോർമാറ്റുകളിൽ ഒന്നാം റാങ്ക് നേടുന്നത്. ഇതിന് മുമ്പ് 2012 ആഗസ്റ്റിൽ ദക്ഷിണാഫ്രിക്കയാണ് ഈ നേട്ടം കൈവരിച്ചത്.
ആസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായേക്കും. അങ്ങനെ സംഭവിച്ചാൽ പാകിസ്താൻ ഒന്നാം സ്ഥാനം തിരിച്ചെത്തും. പരമ്പര സ്വന്തമാക്കിയാൽ ഒന്നാം റാങ്കിന്റെ തിളക്കത്തോടെ ഇന്ത്യയിൽ വിരുന്നെത്തുന്ന ഏകദിന ലോകകപ്പിന് ഇറങ്ങാം. മൂന്ന് ഫോർമാറ്റിലെ ഒന്നാം റാങ്കിൽ നിലനിൽക്കെ രോഹിതും കൂട്ടരും 2011 ലെ മാജിക് ആവർത്തിച്ചാൽ ചരിത്രമാകും. സമാനതകളില്ലാത്ത ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.