ചരിത്രത്തിലെ ‘ചെറിയ ടെസ്റ്റി’ന് വേദിയായ കേപ് ടൗൺ പിച്ചിന് മാർക്കിട്ട് ഐ.സി.സി
text_fieldsഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നടന്ന കേപ്ടൗണിലെ പിച്ചിന് മാർക്കിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ആതിഥേയരെ ഏഴു വിക്കറ്റിന് തകർത്ത് ചരിത്ര വിജയമാണ് കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ നേടിയത്.
അഞ്ചുദിവസം ദൈർഘ്യമുള്ള ടെസ്റ്റ് മത്സരത്തിന് കേപ്ടൗണിൽ ഒന്നര ദിവസം തന്നെ ധാരാളമായിരുന്നു. അഞ്ചു സെഷനിലായി നാലു ഇന്നിങ്സുകളിൽ ആകെ 106.2 ഓവർ, അതായത് 642 പന്തുകൾ മാത്രമാണ് എറിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് മത്സരമെന്ന റെക്കോഡുമായാണ് രണ്ടാം ടെസ്റ്റ് അവസാനിച്ചത്. പിച്ചിന് നിലവാരമില്ലെന്നാണ് ഐ.സി.സി വിലയിരുത്തൽ. പേസർമാരെ കൈവിട്ട് സഹായിച്ച പിച്ചിൽ ടെസ്റ്റിന്‍റെ ഒന്നാംദിനം മാത്രം 23 വിക്കറ്റുകളാണ് വീണത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 55 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയുടെ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 153 റൺസിനു പുറത്തായി. ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകൾ നഷ്ടമായത് ഒരു റണ്ണുപോലും എടുക്കാതെയാണ്.
‘ന്യൂലാൻഡ്‌സിലെ പിച്ചിൽ ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. മത്സരത്തിലുടനീളം പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്യുന്നതിനാൽ, ഷോട്ടുകൾ കളിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. നിരവധി തവണ പന്ത് ബാറ്റർമാരുടെ ഗ്ലൗസുകളിൽ തട്ടി, മോശം ബൗൺസ് കാരണം അടിക്കിടെ വിക്കറ്റുകളും വീണു’ -ഐ.സി.സി മാച്ച് റഫറി ക്രിസ് ബ്രോഡ് അഭിപ്രായപ്പെട്ടു. ഒരു പിച്ചിന് നിലവാരമില്ലെന്ന് ഐ.സി.സി റേറ്റിങ് നൽകിയാൽ, അതിനെതിരെ അപ്പീൽ നൽകാൻ ബന്ധപ്പെട്ടവർക്ക് 14 ദിവസത്തെ സാവകാശം ലഭിക്കും. പിച്ചിനെ അനുകൂലിച്ചാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പ്രതികരിച്ചത്.
‘ഇന്ത്യൻ പിച്ചുകളുടെ കാര്യത്തിൽ എല്ലാവരും മിണ്ടാതിരുന്നാൽ, ഇന്ത്യൻ പിച്ചുകളെക്കുറിച്ച് പരാതി പറയാതിരുന്നാൽ, ഇതുപോലുള്ള പിച്ചുകളിൽ കളിക്കുന്നത് എനിക്കും പ്രശ്‌നമില്ല. വെല്ലുവിളി ഏറ്റെടുക്കാനാണ് ഇവിടെ വരുന്നത്, ഇന്ത്യയിലേക്ക് വരുമ്പോഴും അതുപോലെ തന്നെയാകണം’ -രോഹിത് മത്സരശേഷം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.