ഇനി ലക്ഷ്യം ട്വന്‍റി20 ലോകകപ്പ്; രോഹിത്തും സംഘവും ന്യൂയോർക്കിലേക്ക് പറന്നു
text_fieldsമുംബൈ: ട്വന്‍റി20 ലോകകപ്പിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. മുംബൈ വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച രാത്രിയാണ് നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ന്യൂയോർക്കിലേക്ക് പറന്നത്. ജൂൺ രണ്ടു മുതൽ 29 വരെ നടക്കുന്ന ലോകകപ്പിന് യു.എസ്.എയും വെസ്റ്റിൻഡീസുമാണ് വേദിയാകുന്നത്.
രോഹിത്തിനു പുറമെ, പരിശീലകൻ രാഹുൽ ദ്രാവിഡ്, ബാറ്റിങ് പരിശീലകൻ വിക്രം റാഥോർ, ഫീൽഡിങ് പരിശീലകൻ ടി. ദിലീപ്, ആൾ റൗണ്ടർ രവീന്ദ്ര ജദേജ, ശിവം ദുബെ, ബാറ്റർ സൂര്യകുമാർ യാദവ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. സൂപ്പർ താരം വിരാട് കോഹ്ലി രണ്ടാം സംഘത്തോടൊപ്പമാണ് പോകുന്നത്. ഐ.പി.എൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടുന്നതിനാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങും ആദ്യ ബാച്ചിലില്ല.
ഞായറാഴ്ച രാത്രിയോടെ ആദ്യ സംഘം ന്യൂയോർക്കിലെത്തും. ജൂൺ അഞ്ചിന് നസ്സാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിന് ബദ്ധവൈരികളായ പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടും. നോക്കൗട്ടിനു മുമ്പുള്ള ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നാണിത്. ഗ്രൂപ്പ് എയിലുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യു.എസിലാണ്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
ഋഷഭ് പന്താണ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. പരിശീലകനായി രാഹുൽ ദ്രാവിഡിന്‍റെ അവസാന ടൂർണമെന്‍റാണിത്. ലോകകപ്പോടെ മുൻ ബാറ്റിങ് ഇതിഹാസത്തിന്‍റെ പരിശീലക കാലാവധി അവസാനിക്കും. ബി.സി.സി.ഐ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിദേശ താരങ്ങൾ ഉൾപ്പെടെ പലരെയും ബി.സി.സി.ഐ സമീപിച്ചെങ്കിലും ചുമതല ഏറ്റെടുക്കാൻ ആരും താൽപര്യം കാണിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യന്‍ ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജദേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.