ഇന്ത്യയില്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫിയും ഇല്ല! പി.സി.ബിക്ക് മുന്നറിയിപ്പുമായി ഐ.സി.സി; പാകിസ്താനു മുന്നിൽ ഇനി എന്ത്?
text_fieldsമുംബൈ: അടുത്ത വർഷം പാകിസ്താൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിന്‍റെ നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ടൂർണമെന്‍റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് ഇന്ത്യൻ ടീം പോകില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയതാണ് ഭാവി പ്രതിസന്ധിയിലാക്കിയത്.
മറുവശത്ത് ടൂർണമെന്‍റ് പാകിസ്താനിൽതന്നെ നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പി.സി.ബി. കഴിഞ്ഞ 16 വർഷത്തിനിടെ ഇന്ത്യൻ ടീം പാകിസ്താനിൽ പോയി ഒരു മത്സരം പോലും കളിച്ചിട്ടില്ല. 2008 ഏഷ്യ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്താൻ മണ്ണിൽ കളിച്ചത്. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുകയും ഇന്ത്യ പാകിസ്താനുമായുള്ള ഉഭയകക്ഷി പരമ്പരയും അവിടെ പോയി ക്രിക്കറ്റ് കളിക്കുന്നതും നിർത്തിവെക്കുകയുമായിരുന്നു. അതേസമയം, 29 വർഷങ്ങൾക്കുശേഷമാണ് പാകിസ്താന് ഒരു ഐ.സി.സി ടൂർണമെന്‍റിന് വേദിയാകുന്നത്. 1996ലെ ഏകദിന ലോകകപ്പാണ് പാകിസ്താനിൽ അവസാനമായി നടന്ന ഐ.സി.സി ടൂർണമെന്‍റ്. 2008 ചാമ്പ്യൻസ് ട്രോഫിക്കും 2011ലെ ഏകദിന ലോകകപ്പിൽ സയുക്ത വേദിയാകാനുള്ള അവസരവും ലഭിച്ചെങ്കിലും സുരക്ഷ കാരണങ്ങളെ തുടർന്ന് പിന്നീട് മറ്റു വേദികളിലേക്ക് ടൂർണമെന്‍റ് മാറ്റി. അനിശ്ചിതത്വങ്ങൾക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി വീണ്ടും സംസാരിക്കുകയും ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റണമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവെക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യൻ ടീം പങ്കെടുക്കാതെ ഒരു ഐ.സി.സി ടൂർണമെന്‍റ് ഒരിക്കലും സാധ്യമല്ലെന്ന കാര്യം കൂടി പി.സി.ബിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഇന്ത്യക്കെതിരെ ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള പരാമർശങ്ങൾ നടത്തരുതെന്ന കർശന നിർദേശവും പി.സി.ബിക്ക് നൽകിയിട്ടുണ്ട്. ടൂർണമെന്‍റിന്‍റെ മത്സരക്രമം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐ.സി.സി പുറത്തുവിട്ടേക്കും. ഇന്ത്യയുടെ മത്സരങ്ങൾക്ക് യു.എ.ഇ വേദിയാകുമെന്നാണ് ഏറ്റവും പുതിയ വിവരം. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ 29 വരെയാകും ടൂർണമെന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.