ഐ.സി.സി ടെസ്റ്റ് റാങ്കിങ്; കോഹ്ലിയെയും സ്മിത്തിനെയും മറികടന്ന് വില്ല്യംസൺ ഒന്നാമത്
text_fieldsദുബൈ: കോവിഡ് വർഷം മറ്റു കായിക ഇനങ്ങൾക്കെന്നപോലെ ക്രിക്കറ്റിനും വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, ഈ വർഷം മറക്കാനാവാത്ത നേട്ടമാക്കി മാറ്റിയിരിക്കുകയാണ് ന്യൂസിലന്‍റ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. അഞ്ചു വർഷത്തോളം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്തും മാറിമാറി നിലനിർത്തിയ ഐ.സി.സി ടെസ്റ്റ് റാങ്കിലെ ആദ്യ സ്ഥാനമാണ് ഇത്തവണ കിവി ക്യാപ്റ്റൻ സ്വന്തമാക്കി ഞെട്ടിച്ചിരിക്കുന്നത്.
പാകിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് വില്യംസണ് തുണയായത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ താരം സെഞ്ചുറി നേടിയിരുന്നു. അതിനു മുമ്പ് വെസ്റ്റിന്‍ഡീസിനെതിരെ നടന്ന പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേട്ടവും വില്യംസണ്‍ സ്വന്തമാക്കിയിരുന്നു.
രണ്ടും മൂന്നും സ്ഥാനത്ത് കോഹ്ലിയും സ്മിത്തുമുണ്ട്. പുതിയ റാങ്കിങ്ങില്‍ വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയാണ്. മെല്‍ബണിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഒറ്റയടിക്ക് അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രഹാനെ 784 പോയന്‍റുമായി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു. 2019 ഒക്ടോബറില്‍ അഞ്ചാം സ്ഥാനത്തെത്തിയ ശേഷമുള്ള രഹാനെയുടെ മികച്ച നേട്ടമാണിത്.
ഒന്നാം സ്ഥാനത്ത് 890 പോയന്‍റാണ് വില്യംസണുള്ളത്. 879 പോയന്‍റുമായി കോലി രണ്ടാമതും 877 പോയേന്റാടെ സ്മിത്ത് മൂന്നാമതുമാണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിന് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.