2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റും!; നീക്കം ശക്തമാക്കി ഐ.സി.സി
text_fieldsദുബൈ: ലോകത്ത് ഏറ്റവും പ്രചാരമുള്ള കായിക വിനോദങ്ങളിൽ ഒന്നാണെങ്കിലും ഒളിമ്പിക്സ് ഇനമല്ലെന്ന ചീത്തപ്പേര് പേറുകയാണ് ക്രിക്കറ്റ് ഇപ്പോഴും. ടോക്യോ ഒളിമ്പിക്സിന് തിരശ്ശീല വീണതിന് പിന്നാലെ ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങൾ ഉൗർജിതമാക്കിയിരിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). 2028ൽ ലോസ് ആഞ്ചലസിൽ നടക്കാൻ പോകുന്ന ഒളിമ്പിക്സിൽ ഒരു ഇനമാക്കി ക്രിക്കറ്റിനെ മാറ്റാൻ െഎ.സി.സി അപേക്ഷ നൽകി.
30 ദശലക്ഷത്തിലേറെ വരുന്ന ക്രിക്കറ്റ് ആരാധകർ വസിക്കുന്ന അമേരിക്കയാണ് ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിന്‍റെ മടങ്ങിവരവിന് ആതിഥേയത്വം വഹിക്കാൻ പറ്റിയ മണ്ണ്. 1900ത്തിൽ പാരീസിൽ വെച്ച് നടന്ന ഒളിമ്പിക്സിൽ മാത്രമാണ് ക്രിക്കറ്റ് ഒരു ഇനമായിരുന്നത്. ബ്രിട്ടനും ആതിഥേയരായ ഫ്രാൻസും മാത്രമായിരുന്നു അന്ന് മാറ്റുരച്ചത്. 128 വർഷങ്ങൾക്ക് ശേഷം 2028ൽ ക്രിക്കറ്റ് വീണ്ടും ഒരു ഒളിമ്പിക് ഇനമാകുമെന്നാണ് ഓരോ ആരാധകനും പ്രതീക്ഷിക്കുന്നത്.
അടുത്ത വർഷം ബിർമിങ്ഹാമിൽ നടക്കാൻ പോകുന്ന കേമൺവെൽത്ത് ഗെയിംസിൽ വനിത ക്രിക്കറ്റ് ഒരു മത്സരയിനമാണ്. ഇത് ഒളിമ്പിക്സിലേക്കുള്ള വരവിന് പാതയൊരുക്കുമെന്നാണ് ഐ.സി.സിയുടെ പ്രതീക്ഷ.
'ലോകത്താകമാനം 100 കോടിയിലധികം ക്രിക്കറ്റ് ആരാധകരുണ്ട്. അവരെല്ലാം ക്രിക്കറ്റ് ഒളിമ്പിക്സ് ഇനമായി കാണാൻ ആഗ്രഹിക്കുന്നു. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപെടുത്തുന്നത് കളിക്കും ഗെയിംസിനും ഗുണകരമാകും'- ഐ.സി.സിയുടെ ഗ്രെഗ് ബെയ്ലി അഭിപ്രായപ്പെട്ടു.
എന്നാൽ ക്രിക്കറ്റിന്‍റെ ഏത് ഫോർമാറ്റാണ് ഒളിമ്പിക്സിൽ ഉൾെപടുത്താൻ പോകുകയെന്ന കാര്യത്തിൽ ഐ.സി.സി വ്യക്തത വരുത്തിയിട്ടില്ല. ട്വന്‍റി20യാണോ അതോ അടുത്തിടെ ഇംഗ്ലണ്ടിൽ ആരംഭിച്ച 100 പന്തുകളുടെ മത്സരമാണോ എന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. യു.എസ് ക്രിക്കറ്റ് ബോർഡ് തലവൻ പരാഗ് മറാത്തെയാണ് ലോസ് ആഞ്ചലസിൽ ക്രിക്കറ്റ് ഉൾപെടുത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 1996ന് ശേഷം ആദ്യമായാണ് അമേരിക്ക ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.