ഐ.സി.സി ട്വന്റി 20 ഇലവൻ; ടീമിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ
text_fieldsഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. ഇംഗ്ലീഷ് താരം ജോസ് ബട്‍ലർ നയിക്കുന്ന 11 അംഗ ടീമിൽ പാകിസ്താനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ടുപേർ വീതവും ഇടം നേടിയിട്ടുണ്ട്. ന്യൂസിലാൻഡ്, സിംബാബ്വെ, ശ്രീലങ്ക, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. ഇംഗ്ലണ്ടിൽനിന്ന് ബട്‍ലർക്ക് പുറമെ സാം കറനാണ് ടീമിലുള്ളത്. പാകിസ്താനിൽനിന്ന് മുഹമ്മദ് റിസ്‍വാൻ, ഹാരിസ് റഊഫ് എന്നിവരും ഇടമുറപ്പിച്ചു. െഗ്ലൻ ഫിലിപ്സ് (ന്യൂസിലാൻഡ്), സിക്കന്ദർ റാസ (സിംബാബ്വെ) വനിന്ദു ഹസരങ്ക (ശ്രീലങ്ക), ജോഷ് ലിറ്റിൽ (അയർലൻഡ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
തകർപ്പൻ ഫോമിലുള്ള സൂര്യകുമാർ യാദവ് 2022ൽ ട്വന്റി 20യിൽ 187.43 സ്ട്രൈക്ക് റേറ്റോടെ 46.56 ശരാശരിയിൽ 1164 റൺസാണ് അടിച്ചുകൂട്ടിയത്. ലോക ഒന്നാം നമ്പർ ബാറ്ററായും അദ്ദേഹം മാറി. 607 റൺസും 20 വിക്കറ്റുമായി മികച്ച ആൾറൗണ്ട് പ്രകടനമാണ് പാണ്ഡ്യ പുറത്തെടുത്തത്. മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഉജ്വല തിരിച്ചുവരവിനും 2022 സാക്ഷിയായി. 20 മത്സരങ്ങളിൽ 55.78 ശരാശരിയിൽ 781 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.
മികച്ച 11 വനിത താരങ്ങളുടെ പട്ടികയിൽ നാല് ഇന്ത്യൻ താരങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്മൃതി മന്ദാന, ദീപ്തി ശർമ, റിച്ച ഘോഷ്, രേണുക സിങ് എന്നിവരാണ് ടീമിലെ ഇന്ത്യക്കാർ. ബേത്ത് മൂണി, സോഫി ഡിവൈൻ, ആഷ് ഗാർഡ്നർ, തഹ്‍ലിയ മക്ഗ്രാത്ത്, നിദ ധർ, സോഫി എക്ലസ്റ്റോൺ, ഇനോക രണവീര എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.