ചരിത്ര കളത്തിൽ യുഗാണ്ട
text_fieldsആദ്യമായി ഐ.സി.സി ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ചരിത്ര കളത്തിലിറങ്ങുകയാണ് യുഗാണ്ടൻ ക്രിക്കറ്റ് ടീം. ആഫ്രിക്കൻ മേഖലയിൽനിന്ന് സിംബാബ്വെ അടക്കമുള്ള ടീമുകളെ മറികടന്നാണ് ഇവർ ലോക ക്രിക്കറ്റ് പൂരത്തിനെത്തുന്നത്. ബ്രയാൻ മസാബയുടെ നേതൃത്വത്തിലുള്ള ടീമിൽ റിയാസത്ത് അലി ഷായാണ് വൈസ് ക്യാപ്റ്റൻ. 43കാരനായ ഫ്രാങ്ക് എൻസുബുഗയുടെ അനുഭവസമ്പത്തും ബൗളർമാരുടെ സമീപകാല ഫോമും ടീമിന് മുതൽക്കൂട്ടാവും. സ്പിൻ-ബൗളിങ് ഓൾറൗണ്ടർ അൽപേഷ് രാംജാനിയായിരിക്കും ബൗളിങ്ങിലെ തുറുപ്പുശീട്ട്. കഴിഞ്ഞ വർഷം ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരം കൂടിയാണ് രാംജാനി. കൂട്ടിന് കഴിഞ്ഞവർഷം 49 വിക്കറ്റുകൾ സ്വന്തം പേരിലാക്കിയ ഹെൻറി സെനിയോണ്ടോയും.
മികച്ച യുവതാരങ്ങളുടെ പോരായ്മ ടീമിനുണ്ട്. 29 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അഭയ് ശർമയാണ് പരിശീലകൻ. കഴിഞ്ഞ ഒരു വർഷമായി ടീം വിവിധ മത്സരങ്ങളിൽ കളിക്കുന്നുണ്ടെങ്കിലും ഫീൽഡിങ് പ്രകടനം മോശമാണ്. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടീം ശ്രമിക്കുമെന്ന് കോച്ച് അഭയ് ശർമ വ്യക്തമാക്കിയിരുന്നു. ആതിഥേയരായ വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, പാപ്വന്യൂഗിനി, അഫ്ഗാനിസ്താൻ എന്നിവരടങ്ങിയ ഗ്രൂപ് സിയിലാണ് യുഗാണ്ട. ജൂൺ മൂന്നിന് അഫ്ഗാനിസ്താനെതിരെയാണ് ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.