‘വാട്ട് എ മാച്ച്’; റെക്കോർഡ് റൺചേസിനരികെ കിവികൾ വീണു; ഓസീസിന് അഞ്ച് റൺസ് ജയം
text_fieldsധർമശാല: ലോകകപ്പിൽ ന്യൂസിലൻഡിന് തുടർച്ചയായ രണ്ടാം തോൽവി. അവസാന പന്തുവരെ നീണ്ട ആവേശപ്പോരിൽ ആസ്ട്രേലിയക്കെതിരെ അഞ്ച് റൺസിന്റെ തോൽവിയാണ് കിവികൾ വഴങ്ങിയത്. ടോസ് നഷ്ടമായി ബാറ്റെടുക്കേണ്ടി വന്ന ഓസീസ് നിശ്ചിത 50 ഓവറിൽ 388 റൺസാണ് അടിച്ചെടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ അഞ്ച് റൺസകലെ കിവികൾ വീണു.
ലോകകപ്പിലെ റെക്കോർഡ് റൺചേസിനായിരുന്നു ധർമശാല സ്റ്റേഡിയം സാക്ഷിയായത്. അടിക്ക് തിരിച്ചടി എന്ന കണക്കെ ന്യൂസിലൻഡ് ബാറ്റർമാർ കംഗാരുപ്പടയിലെ ബൗളിങ് നിരയെ കണക്കിന് ശിക്ഷിച്ചു. എന്നാൽ, വിജയറൺ നേടാൻ കഴിഞ്ഞില്ല.
ഓസീസ് ബാറ്റർമാരിൽ ട്രാവിസ് ഹെഡ് 67 പന്തുകളിൽ 109 റൺസെടുത്തു. 10 ബൗണ്ടറികളും ഏഴ് സിക്സറുകളുമാണ് താരം അടിച്ചുകൂട്ടിയത്. ഡേവിഡ് വാർണർ 65 പന്തുകളിൽ 81 റൺസെടുത്തു. അഞ്ച് ബൗണ്ടറികളും ആറ് സിക്സുമാണ് താരം അടിച്ചത്. ഗ്ലെൻ മാക്സ്വെൽ 24 പന്തുകളിൽ 41 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയാണ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത്. താരം 89 പന്തുകളിൽ 116 റൺസെടുത്തു. ഒമ്പത് ബൗണ്ടറികളും അഞ്ച് സിക്സുമാണ് രചിന്റെ ബാറ്റിൽ നിന്ന് പറന്നത്. ഡരിൽ മിച്ചൽ 54, ജെയിംസ് നീഷാം 58 എന്നിവരും തിളങ്ങി. ഓസീസിനായി ആദം സാംപ 10 ഓവറിൽ 74 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്സും 10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങി മൂന്നുപേരെ പുറത്താക്കി.
ആദ്യ മത്സരങ്ങളിലെ പരാജയത്തിന് ശേഷം തുടർച്ചയായ നാലാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസീസ് നാലാം സ്ഥാനം നിലനിർത്തി. നിലവിൽ ആറ് കളികളിൽ ഇരു ടീമുകൾക്കും നാല് വിജയമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.