ഇക്കുറി ഐ.പി.എൽ കിരീടം അർഹിച്ചിരുന്നത് കൊൽക്കത്തയെന്ന് ധോണി
text_fieldsദുബൈ: പൊതുവേ വിജയങ്ങൾക്ക് ശേഷം നായകൻമാർ തങ്ങളുടെ ടീമിന്‍റെ പ്രകടനത്തെ പുകഴ്ത്തിപ്പറയുന്ന പതിവ് ക്രിക്കറ്റിൽ കണ്ടുവരാറുണ്ട്. എന്നാൽ ചെന്നൈ സൂപ്പർകിങ്സ് നായകൻ എം.എസ്. ധോണി അവിടെയും വ്യത്യസ്തനായിരുന്നു.
ചെന്നൈ സുപ്പർ കിങ്സിന് നാലാം ഐ.പി.എൽ കിരീടം നേടിക്കൊടുത്ത ശേഷം സംസാരിക്കവേ എം.എസ്. ധോണി പുകഴ്ത്തിയത് തന്‍റെ എതിരാളികളായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെയാണ്. ഇക്കുറി തുടക്കത്തിൽ തപ്പിത്തടഞ്ഞ ശേഷം അതിശക്തമായി തിരിച്ചുവന്ന് ഫൈനൽ വരെ എത്തിയ കൊൽക്കത്തക്കായിരുന്നു സീസണിൽ കപ്പ് ഏറ്റവും കൂടുതൽ അർഹിച്ചിരുന്നതെന്നായിരുന്നു ധോണിയുടെ പ്രതികരണം.
'ഞാൻ സി.എസ്.കെയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് കെ.കെ.ആറിനെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണ്. ടൂർണമെന്‍റിന്‍റെ ആദ്യപാദത്തിലെ അവരുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് തിരിച്ചുവന്ന് ഇത്രത്തോളം ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ വർഷം ഐ.പി.എൽ വിജയിക്കാൻ ഏതെങ്കിലും ടീമിന് അർഹതയുണ്ടെങ്കിൽ, അത് കെ.കെ.ആർ ആണെന്ന് എനിക്ക് തോന്നുന്നു. കോവിഡ് ഇടവേള അവരെ സഹായിച്ചുവെന്ന് ഞാൻ കരുതുന്നു'-മുൻ ഇന്ത്യൻ നായകൻ പ്രതികരിച്ചു.
കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി ചെന്നൈ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. അവിടെ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ടീം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊൽക്കത്തയെ 27 റൺസിന് തോൽപിച്ചാണ് നാലാം ഐ.പി.എൽ കിരീടം ചെന്നൈയിൽ എത്തിക്കുന്നത്.
ഓരോ മത്സരത്തിലും ടീമിന് ഓരോരോ മാച്ച്വിന്നേഴ്സിനെ ലഭിച്ചെന്നും താരങ്ങൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയാക്കി നിറവേറ്റിയത് കാര്യങ്ങൾ എളുപ്പമാക്കിയെന്നും ധോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.