‘ധോണി ഒരു പ്രത്യേക ക്യാപ്റ്റനാണ്, ടീം ശക്തമല്ലെങ്കിൽ പോലും അദ്ദേഹത്തിന് കീഴിൽ വിജയസാധ്യതയുണ്ട്’; പ്രശംസയുമായി മൊയീൻ അലി
text_fieldsചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ മഹേന്ദ്ര സിങ് ധോണിയെ പ്രശംസിച്ച് ഇംഗ്ലീഷ് ആൾറൗണ്ടർ മൊയീൻ അലി. ധോണി നായകനായിരിക്കുമ്പോൾ ശക്തമല്ലെങ്കിൽ പോലും ആ ടീമിനൊരു വിജയസാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.പി.എല്ലിൽ അഞ്ചുതവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച ധോണി വരുന്ന സീസണിൽ എന്ത് തന്ത്രമാണ് അവതരിപ്പിക്കുകയെന്ന് തനിക്കറിയില്ലെന്നും ടീമിലെ സഹതാരം കൂടിയായ അലി പറഞ്ഞു.
‘ധോണി ഒരു പ്രത്യേക കളിക്കാരനും പ്രത്യേക ക്യാപ്റ്റനുമാണ്. അദ്ദേഹത്തിന്റെ നായകത്വത്തിൽ സി.എസ്.കെയിൽ കളിക്കുമ്പോൾ, ടീം ദുർബലമാണെങ്കിലും കടലാസിൽ ശക്തമാണെങ്കിലും എല്ലായ്പ്പോഴും വിജയിക്കാനുള്ള സാധ്യതയുണ്ട്. ഞാൻ മൂന്ന് സീസണുകൾ ചെന്നൈയിൽ കളിച്ചിട്ടുണ്ട്. പക്ഷെ അവൻ എന്താണ് കൊണ്ടുവരാൻ പോകുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വളരെ മികച്ചതാണ്. ഒരു കളിക്കാരൻ എന്ന നിലയിൽ ഇത് ആവേശകരമാണ്’ -മൊയീൻ അലി പറഞ്ഞു.
ഈ വർഷം 42ാം വയസ്സിലേക്ക് കടക്കുന്ന ധോണി ഈ സീസണോടെ കളി മതിയാക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ധോണി കാൽമുട്ട് ശസ്ത്രക്രിയയെ തുടർന്ന് കളികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രീ-സീസൺ ക്യാമ്പിൽ ടീമിനൊപ്പം ചേർന്നത്. സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ചെന്നൈയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.