‘ഇന്ത്യ പാകിസ്താനിൽ കളിച്ചില്ലെങ്കിൽ ഞങ്ങളും കളിക്കില്ല...’; മുന്നറിയിപ്പുമായി നജം സേതിയും
text_fieldsഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് വേദി പാകിസ്താന് അനുവദിച്ച അന്നു മുതൽ ഇന്ത്യ-പാക് ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ വാക്ക്പോര് രൂക്ഷമാണ്.
ടൂർണമെന്‍റ് കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്നും ടൂർണമെന്‍റ് ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്നുമുള്ള ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകളാണ് തർക്കത്തിന് ഇടയാക്കിയത്. പിന്നാലെ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽനിന്ന് പാകിസ്താനും പിന്മാറുമെന്ന് അന്നത്തെ പി.സി.ബി ചെയർമാൻ റമീസ് രാജ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ശനിയാഴ്ച വിഷയം ചർച്ച ചെയ്യാനായി ബഹ്റൈനിൽ ജയ് ഷായും പി.സി.ബി ചെയർമാൻ നജം സേതിയും കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ, കൂടിക്കാഴ്ചയിൽ വേദി സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താനായില്ല. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഏഷ്യ കപ്പിന് യു.എ.ഇ തന്നെ വേദിയാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൂടിക്കാഴ്ചയിൽ സേതി ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും വാർത്തകളുണ്ട്.
സെപ്റ്റംബറിൽ പാകിസ്താനിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിൽനിന്ന് തങ്ങളും പിന്മാറുമെന്ന് സേതി മുന്നറിയിപ്പ് നൽകിയതായി പാക്, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സേതിയുടെ നിലപാട് ജയ് ഷായെ അത്ഭുതപ്പെടുത്തിയതായും പറയുന്നു. വേദിയുടെ കാര്യത്തിൽ മാർച്ചിൽ നടക്കുന്ന ഐ.സി.സി, എ.സി.സി യോഗങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പുറത്തുവരുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.