'ഞാൻ നാളെ പാകിസ്താനിലേക്ക് പോകുന്നു; ആരൊക്കെ കൂടെയുണ്ട്'; പാക്ക്രിക്കറ്റിന് പിന്തുണയുമായി ക്രിസ് ഗെയിലും സമ്മിയും
text_fieldsകിങ്സ്റ്റൺ: ടോസിനായി നാണയമെറിയാൻ മിനിറ്റുകൾ ബാക്കി നിൽക്കെ അത്യന്തം നാടകീയമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പാക് പര്യടനത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി വെസ്റ്റിൻഡീസ് താരങ്ങൾ. ഇതിഹാസ താരം ക്രിസ് ഗെയിൽ, മുൻ വെസ്റ്റിൻഡീസ് നായകൻ ഡാരൻ സമ്മി അടക്കമുള്ളവർ ന്യൂസിലൻഡിനെതിരെ രംഗത്തെത്തി. സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാൻഡ് പിന്മാറിയത്.
''ഞാൻ നാളെ പാകിസ്താനിലേക്ക് പോകുകയാണ്. ആരൊക്കെ കൂടെയുണ്ട്'' -എന്നാണ് ക്രിസ് ഗെയ്ൽ ട്വീറ്റ് ചെയ്തത്. പാകിസ്താൻ സുരക്ഷിതമാണെന്നാണ് ഗെയ്ൽ പറയാതെ പറഞ്ഞത്.
ന്യൂസിലാൻഡിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സമ്മി രംഗത്തെത്തി. ആറുവർഷമായി പാകിസ്താനിൽ വളരെ സന്തോഷത്തോടെയാണ് ക്രിക്കറ്റ് കളിച്ചതെന്നും എപ്പോഴും താൻ സുരക്ഷിതമായിരുന്നെന്നും സമ്മി പറഞ്ഞു.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻറി20 മത്സരങ്ങളും അടങ്ങുന്ന ലിമിറ്റഡ് ഓവർ പരമ്പരക്കായാണ് ന്യൂസിലൻഡ് ടീം പാകിസ്താനിലെത്തിയത്. റാവൽപിണ്ടിയിലെ ആദ്യ ഏകദിന മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സുരക്ഷ കാരണങ്ങൾ പറഞ്ഞ് ന്യൂസിലൻഡ് ടീം പരമ്പരയിൽനിന്നു പിന്മാറിയത്. ന്യൂസിലൻഡ് സർക്കാർ നൽകിയ മുന്നറിയിപ്പനുസരിച്ചാണ് പിന്മാറുന്നതെന്നും എത്രയും വേഗം തങ്ങളുടെ ടീം പാകിസ്താൻ വിടുമെന്നുമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വിശദീകരിക്കുന്നത്. ന്യൂസിലാൻഡിന്റെ തീരുമാനത്തിനെതിരെ ശുഐബ് അക്തർ, ഇൻസമാമുൽ ഹഖ്, റമീസ് രാജ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു.
18 വർഷത്തെ ദീർഘമായ ഇടവേളക്കു ശേഷമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻറി 20 യും അടക്കമുള്ള എട്ടു മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ മൂന്നുവരെ റാവൽപിണ്ടിയിലും ലാഹോറിലുമായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കളി നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയും ഇരു ടീമുകളും പരിശീലനം നടത്തുകയും ചെയ്തതുമാണ്. മൂന്നു മണിക്കായിരുന്നു കളി നടക്കേണ്ടത്. എന്നാൽ, ഇരു ടീമുകളും ഹോട്ടലിൽനിന്ന് പുറത്തേക്ക് പോയില്ല. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചതുമില്ല.
'പര്യടനം ഇങ്ങനെ ഉപേക്ഷിക്കേണ്ടിവരുന്നത് പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാണെന്ന് ഞങ്ങൾക്കറിയാം. മികച്ച രീതിയിൽ അവർ ഞങ്ങളെ സ്വീകരിക്കുകയും ചെയ്തതാണ്. വേദികൾ മത്സരങ്ങൾക്ക് സജ്ജമാവുകയും സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുമുണ്ട്. പക്ഷേ, ഞങ്ങളുടെ കളിക്കാരുടെ സുരക്ഷ ഞങ്ങൾക്ക് ഏറെ പ്രധാനമാണ്. അതുകൊണ്ട് പരമ്പരയിൽനിന്നു പിന്മാറുകയല്ലാതെ വേറേ വഴിയില്ല'- ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് വൈറ്റ് വാർത്തക്കുറിപ്പിൽ പറഞ്ഞത് ഇപ്രകാരമാണ്. എന്നാൽ, എന്തു സുരക്ഷ പ്രശ്നമാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല.
ന്യൂസിലൻഡ് ടീമിലെ ചിലർക്ക് കോവിഡ് ബാധിച്ചതാണ് പരമ്പരയിൽനിന്ന് പിന്മാറാൻ കാരണമെന്ന് അതിനിടയിൽ അഭ്യൂഹം പരന്നു. എന്നാൽ, അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതോടെ പാകിസ്താനിലും സുരക്ഷ ഭീഷണിയുണ്ടാകുമെന്ന കാരണത്താൽ അവിടേക്ക് പോകാനാകില്ലെന്ന് ചില ടീമംഗങ്ങൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നതായാണ് അറിവ്.അവസാന നിമിഷം കളിയിൽ നിന്ന് പിന്മാറിയതിൽ പാക് ക്രിക്കറ്റ് ബോർഡും (പി.സി.ബി) നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ പി.സി.ബി അത് വ്യക്തമാക്കി.
തങ്ങളൊരുക്കിയ സുരക്ഷ ക്രമീകരണങ്ങളിൽ കിവീസ് പൂർണ സംതൃപ്തി അറിയിച്ചിരുന്നുവെന്നും എന്നാൽ, ചില സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് വെള്ളിയാഴ്ച രാവിലെ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് തങ്ങളെ അറിയിക്കുകയായിരുന്നുവെന്നും ഇതനുസരിച്ചാണ് ഇരു ടീമുകളും പരമ്പര നീട്ടിവെക്കാൻ തീരുമാനിച്ചതെന്നും പി.സി.ബി ട്വീറ്റ് ചെയ്തു.
സുരക്ഷയെ കുറിച്ച് പാക് പ്രധാനമന്ത്രിയും പാക് ടീമിെൻറ മുൻ ക്യാപ്റ്റനുമായ ഇംറാൻ ഖാനും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനുമായി ഫോണിൽ സംസാരിക്കുകയും ഉറപ്പുനൽകുകയും ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.