'മുഖം മറച്ചത് അവളുടെ സ്വന്തം ഇഷ്ടപ്രകാരം, അധിപനല്ല പങ്കാളിയാണ് താൻ'; വിമർശകരുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ
text_fieldsന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ ഭാര്യ സഫ ബെയ്ഗിെൻറ ചിത്രം അവ്യക്തമാക്കിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന് നേരെ വിമർശനങ്ങളും വിദ്വേഷ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
മകെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. താരം ഭാര്യയുടെ മുഖം കാണിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ ഇപ്പോൾ വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് പത്താൻ.
മുഖം മായ്ച്ച് കളഞ്ഞത് അവളുടെ ഇഷ്ടപ്രകാരമാണെന്നും ഞാൻ അവളുടെ അധിപനല്ല മറിച്ച് പങ്കാളിയാണെന്നായിരുന്നു പത്താൻ ട്വിറ്ററിൽ കുറിച്ചത്.
'എെൻറ മകെൻറ അക്കൗണ്ടിൽനിന്ന് ഭാര്യ തന്നെയാണ് ആ ചിത്രം പങ്കുവെച്ചത്. അതിെൻറ പേരിൽ വലിയ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ആ ചിത്രം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിൽ തെൻറ മുഖം അവൾ മായ്ച്ച് കളഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഞാൻ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓർമിപ്പിക്കുന്നു' –വിവാദ ചിത്രം പങ്കുവെച്ച് ഇർഫാൻ ട്വിറ്ററിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന പത്താൻ കായിക സംബന്ധിയായ വിഷയങ്ങളിൽ മാത്രം ഒതുങ്ങാതെ എല്ലാ വിഷയങ്ങളിലും തെൻറ അഭിപ്രായം പങ്കുവെക്കാറുണ്ട്. കർഷക സമരം, ഫലസ്തീൻ വിഷയങ്ങളിൽ ഐക്യദാഢ്യം പ്രഖ്യാപിച്ച പത്താന് നേരെ നിരന്തരം സംഘ്പരിവാർ അനുകൂലികൾ സൈബർ ആക്രമണം നടത്താറുണ്ട്. ഫലസ്തീൻ വിഷയത്തിൽ ഇർഫാനും ബോളിവുഡ് നടി കങ്കണ റണാവത്തുമായി സോഷ്യൽ മീഡിയയിലൂടെ കൊമ്പുകോർത്തിരുന്നു.
ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച പത്താനെ കങ്കണ ഇൻസ്റ്റഗ്രാമിലൂടെ വിമർശിച്ചിരുന്നു. ബംഗാൾ വിഷയത്തിൽ മൗനം പാലിച്ച പത്താൻ ഫലസ്തീൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിനെയാണ് കങ്കണ വിമർശിച്ചത്. എന്‍റെ എല്ലാ ട്വീറ്റുകളും തന്‍റെ നാട്ടുകാർക്കും മാനവികതക്ക് വേണ്ടിയുള്ളതാണെന്നും വിദ്വേഷം പരത്താൻ ശ്രമിച്ചതിനാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നുമായിരുന്നു പത്താെൻറ മറുപടി ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.