'ഇംപാക്ട് പ്ലെയർ' ഇനിയും തുടരുമോ..?; ജയ് ഷായുടെ പ്രതികരണം ഇങ്ങനെ..!
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇംപാക്റ്റ് പ്ലെയർ റൂളിന് പൂർണ പിന്തുണയുമായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ഈ നിയമം ഒരു പരീക്ഷണം മാത്രമാണ്. കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ അതുവഴി ലഭിക്കും. എന്നാൽ അടുത്ത സീസണിൽ തുടരുമോ വേണ്ടെയോ എന്നത് കളിക്കാരോടും ഫ്രാഞ്ചൈസികളോടും പ്രക്ഷേപകരോടുമെല്ലാം കൂടി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
" ഇംപാക്റ്റ് പ്ലെയർ ഒരു പരീക്ഷണം പോലെയാണ്. ഞങ്ങൾ അത് സാവധാനത്തിൽ നടപ്പിലാക്കി. രണ്ട് ഇന്ത്യൻ കളിക്കാർക്ക് അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഇത് സ്ഥിരമാണോ, മുന്നോട്ടുകൊണ്ടുപോകുമോ എന്ന് ഇപ്പോൾ പറയുന്നില്ല. കളിക്കാർ, ഫ്രാഞ്ചൈസികൾ, പ്രക്ഷേപകർ എന്നിവരുമായി ഞങ്ങൾ കൂടിയാലോചിച്ചായിരിക്കും തീരുമാനിക്കുക." ജയ് ഷാ പ്രതികരിച്ചു.
"ഇത് ഗെയിമിനെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നുണ്ടോ ഇല്ലയോ എന്നായിരിക്കും നോക്കുക. എന്നിട്ടും, ഇത് ശരിയല്ലെന്ന് ഒരു കളിക്കാരന് തോന്നിയാൽ, ഞങ്ങൾ അവരോട് സംസാരിക്കും. പക്ഷേ ആരും ഞങ്ങളോട് ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംപാക്ട് പ്ലെയർ നിയമം അനുസരിച്ച്, ടോസിന് ശേഷം, ഓരോ ടീമിനും അവരുടെ പ്ലെയിംഗ് ഇലവനെ കൂടാതെ അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരെ വരെ പേര് നൽകാൻ അനുവാദമുണ്ട്. ഗെയിമിനിടെ എപ്പോൾ വേണമെങ്കിലും, അവരിൽ ഒരാൾക്ക് ഇംപാക്റ്റ് പ്ലെയറായി ഇലവനിലെ ഒരു അംഗത്തെ മാറ്റിസ്ഥാപിക്കാൻ കഴിയും.
എന്നാൽ, ഈ നിയമത്തിനെതിരെ നേരത്തെ ഇന്ത്യൻ നായകൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഓൾറൗണ്ടർമാരുടെ മൂല്യം കുറയുന്നു എന്ന പ്രധാന പ്രശ്നമാണെന്നാണ് രോഹിത് ചൂണ്ടിക്കാണിച്ചിരുന്നത്. ഒരു പ്രത്യേക റോളിലേക്ക് മാത്രം ചുരുങ്ങേണ്ടി വരുന്നത് അവരിലെ പ്രതിഭയെ ഇല്ലാതാക്കാനും അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ടെന്ന ആശങ്കയാണ് രോഹിത് പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.