ചലഞ്ചർ ട്രോഫി ക്രിക്കറ്റിൽ; തിരൂർക്കാരി നജ്ല ഇന്ത്യ ഡി ടീം നായിക
text_fieldsതിരൂർ: ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് തിരൂർ സ്വദേശിനി സി.എം.സി. നജ്‌ല. ഇന്ത്യ ഡി ടീം ക്യാപ്റ്റനായാണ് നജ്‌ല കേരളത്തിന്റെ അഭിമാനമാവാനൊരുങ്ങുന്നത്.
ആദ്യമായാണ് വനിത ക്രിക്കറ്റിൽ ഒരു കേരളതാരം ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. ഓൾ റൗണ്ടർ പ്രകടനത്തിലൂടെയാണ് തിരൂർ മുറിവഴിക്കൽ സ്വദേശിയായ നജ്‌ല ഇന്ത്യൻ ടീമിന്റെ കൈയെത്തുംദൂരത്ത് എത്തിയിരിക്കുന്നത്.
2023 ജനുവരിയിൽ നടക്കുന്ന അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി കളിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് നജ്‌ല. കേരളത്തിനുവേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനവും മൊഹാലിയിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലെ മിന്നുന്ന പ്രകടനവുമാണ് 18കാരിയായ നജ്‌ലയെ ഇന്ത്യ ഡി ടീമിലേക്കും പിന്നീട് ടീമിന്റെ നായകസ്ഥാനത്തേക്കും എത്തിച്ചത്.
ഗോവയിൽ നവംബർ ഒന്നുമുതൽ അഞ്ചുവരെയാണ് നാല് ടീമുകൾ മാറ്റുരക്കുന്ന മത്സരം അരങ്ങേറുന്നത്. നജ്ലയുടെ കീഴിൽ അണ്ടർ 16ൽ നോർത്ത് സോൺ ടീമിന് ജേതാക്കളാവാൻ കഴിഞ്ഞിരുന്നു. അണ്ടർ 19 നോർത്ത് സോൺ ടീമിനെയും ഈ തിരൂരുകാരി നയിച്ചിട്ടുണ്ട്. കൂടാതെ, അണ്ടർ 16, 19 കേരള ടീമിന്റെയും കപ്പിത്താനായി ഓൾറൗണ്ട് മികവും നയിക്കാനുള്ള കഴിവും തെളിയിച്ചിരുന്നു.
മുന്നോട്ടുള്ള പ്രയാണത്തിൽ നല്ലൊരു സ്പോൺസറുടെ അഭാവം നജ്‌ലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്കിടയിലും എല്ലാവിധ പിന്തുണയുമായി മാതാപിതാക്കൾ ഒപ്പമുണ്ട്. മുറിവഴിക്കൽ സി.എം.സി. നൗഷാദിന്റെയും കെ.വി. മുംതാസിന്റെയും ഇളയമകളാണ്. സഹോദരൻ സൈദ് മുഹമ്മദ്.
കായിക താരമായിരുന്ന ഉപ്പ നൗഷാദാണ് വഴികാട്ടിയെന്നും നജ്‌ല പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി കെ.സി.എക്കു കീഴിലുള്ള വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയാണ്.
ഓൾ റൗണ്ടറാണെങ്കിലും ബൗളിങ്ങാണ് നജ്‌ലയുടെ കുന്തമുന. ഓഫ് സ്പിന്നിങ്ങിലൂടെ എതിരാളികളെ സമ്മർദത്തിലാക്കാൻ പ്രത്യേക കഴിവാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവാലിയിൽ നടന്ന മലപ്പുറം ജില്ല ടീമിലേക്കുള്ള അണ്ടർ 16 സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്.
കെ.സി.എ അധികൃതർ, മലപ്പുറം ക്രിക്കറ്റ് അസോസിയേഷൻ, വയനാട് ക്രിക്കറ്റ് അസോസിയേഷൻ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് നജ്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.