ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ജയ്സ്വാൾ; ആദ്യ 15ൽ നാലു ഇന്ത്യൻ താരങ്ങൾ
text_fieldsദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ച്വറികളുമായി തിളങ്ങിയ താരം ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15ാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് റാങ്കിങ്ങിൽ തുണയായത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്. വിശാഖപ്പടണത്ത് നടന്ന രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ 209 റൺസ് നേടിയ യശസ്വി, രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും (214*) അപരാജിത ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. തുടർച്ചയായ രണ്ടു ടെസ്റ്റുകളിൽ ഇരട്ട സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ഏഴാമത്തെ മാത്രം ബാറ്ററാണ് യശസ്വി. വിനോദ് കാംബ്ലിയും വിരാട് കോഹ്ലിയുമാണ് ഈ പട്ടികയിലുള്ള ഇന്ത്യൻ താരങ്ങൾ.
പുരുഷ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ 15 സ്ഥാനങ്ങളിൽ നാലു ഇന്ത്യൻ താരങ്ങളാണുള്ളത്. വിരാട് കോഹ്ലിയും (ഏഴാം റാങ്ക്), രോഹിത് ഷർമയും (12ാം റാങ്ക്), ഋഷഭ് പന്തും (14ാം റാങ്ക്) ജയ്സ്വാളും (15ാം റാങ്ക്). മൂന്നാം ടെസ്റ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഓൾ റൗണ്ടർ രവീന്ദ്ര ജദേജയും ബാറ്റിങ് റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി. ഏഴു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 34ാം റാങ്കിലെത്തി. ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി പ്രകടനമാണ് താരത്തിന് കരുത്തായത്.
ടെസ്റ്റ് ബൗളർമാരിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങളാണ്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒന്നാമതും സ്പിന്നർ ആർ. അശ്വിൻ രണ്ടാമതും. മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രവീന്ദ്ര ജദേജ ആറിലെത്തി. ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത് ജദേജയും രണ്ടാമത് അശ്വിനുമാണ്. ടെസ്റ്റ് ടീമുകളിൽ ആസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.