റാങ്കിങ്ങിൽ കോഹ്ലി ഇറങ്ങി, രോഹിത് കയറി
text_fieldsദുബൈ: ഇംഗ്ലണ്ട് പര്യടനത്തിലെ ഫോമില്ലായ്മ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ടെസ്റ്റ് റാങ്കിങ്ങിലും തിരിച്ചടിയായി. അതേസമയം, ഇന്ത്യൻ ഓപണർ രോഹിത് ശർമക്ക് സ്ഥാനക്കയറ്റവും കിട്ടി.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറ പുതിയ ടെസ്റ്റ് റാങ്ക് ലിസ്റ്റിൽ കോഹ്ലി ആദ്യ അഞ്ചിൽ നിന്ന് പുറത്തായപ്പോൾ രോഹിത് ശർമ സ്ഥാനക്കയറ്റം നേടി അഞ്ചാമനായി. കോഹ്ലി ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇന്ത്യക്കെതിരെ തുടർച്ചയായി മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് 916 പോയൻറുമായി നീണ്ട ഇടവേളക്കു ശേഷം റാങ്കിങ്ങിൽ ഒന്നാമനായി. ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കുമ്പോൾ റാങ്കിങ്ങിൽ അഞ്ചാമതായിരുന്നു ജോ റൂട്ട്. ന്യൂസിലാൻഡിെൻറ കെയ്ൻ വില്യംസൻ (901), ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878) എന്നിവരാണ് രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങളിലുള്ളത്.
773 പോയൻറുമായാണ് രോഹിത് അഞ്ചാം സ്ഥാനത്തെത്തിയത്. ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യമായാണ് രോഹിത് ആദ്യ അഞ്ചിൽ എത്തുന്നത്. 766 പോയൻറാണ് ആറാം സ്ഥാനത്തുള്ള കോഹ്ലിക്ക്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിെൻറ റാങ്ക് 12ലേക്ക് താഴ്ന്നു.
ബൗളിങ്ങിൽ ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ (839 പോയൻറ്) രണ്ടാം സ്ഥാനത്ത് തുടരുന്നു. ജസ്പ്രീത് ബുംറ വീണ്ടും ആദ്യ പത്തിൽ ഇടംപിടിച്ചു. 10ാം റാങ്കാണ് ബുംറക്ക്. ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് (908) ഒന്നാം റാങ്ക്. മുഹമ്മദ് ഷമി 18ാം റാങ്കിലുണ്ട്.
ഓൾറൗണ്ടർമാരിൽ വെസ്റ്റിൻഡീസിെൻറ ജാസൺ ഹോൾഡറാണ് ഒന്നാമൻ (434 പോയൻറ്). ബെൻ സ്റ്റോക്ക്സ് രണ്ടാമതുണ്ട്. ഇന്ത്യയുടെ രവീന്ദ്ര ജദേജ (343), രവിചന്ദ്ര അശ്വിൻ (338) എന്നിവർ മൂന്നും നാലും സ്ഥാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.