പന്തിന്‍റെ ബാറ്റിങ്ങിനുപിന്നാലെ തകർപ്പൻ പന്തേറും, ഇന്നിങ്സ് ജയത്തോടെ പരമ്പര നേടി ഇന്ത്യ ലോക ചാമ്പ്യൻഷിപ് ഫൈനലിൽ
text_fieldsഅഹ്മദാബാദ്: മൊടേരയിൽ ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവു മോഹങ്ങളുടെ കുറ്റി തെറുപ്പിച്ച ഇന്നിങ്സ് ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ടെസ്റ്റിൽ ഇന്നിങ്സിനും 25 റൺസിനും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആതിഥേയർ 3-1നാണ് പരമ്പര നേടിയത്. മൂന്നാം ദിനം അവസാന സെഷനിൽ എതിരാളികളുടെ രണ്ടാമിന്നിങ്സ് 135 റൺസിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യയുടെ തകർപ്പൻ ജയം. പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിനും ഇന്ത്യ യോഗ്യത നേടി. ഫൈനലിൽ ന്യൂസിലൻഡാണ് എതിരാളി.
ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ടിനെ 205 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടിയായി 365 റൺസ് അടിച്ചുകൂട്ടിയിരുന്നു. സെഞ്ച്വറി നേടിയ ഋഷഭ് പന്തും (101) കന്നി സെഞ്ച്വറിക്ക് നാലു റൺസിപ്പുറം ക്രീസ് വിട്ട വാഷിങ്ടൺ സുന്ദറും (96 നോട്ടൗട്ട്) വെട്ടിത്തിരിയുന്ന ക്രീസിലും അതിമികവോടെ ബാറ്റുവീശിയതാണ് ഇന്ത്യക്ക് തുണയായത്.
165 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും പാഡുകെട്ടിയിറങ്ങിയ സന്ദർശകർക്ക് ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇരുധ്രുവങ്ങളിൽനിന്ന് തന്ത്രവും ടേണും സമന്വയിപ്പിച്ച് പന്തെറിഞ്ഞ അക്ഷർ പേട്ടലിനും രവിചന്ദ്ര അശ്വിനും മുന്നിൽ ആയുധംവെച്ച് കീഴങ്ങിയ ഇംഗ്ലണ്ട് 135 റൺസിന് പുറത്തായി. ഇരുവരും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. ഡാൻ ലോറൻസ് (50), ക്യാപ്റ്റൻ ജോ റൂട്ട് (30), ഒലീ പോപ് (15), ബെൻ ഫോക്സ് (13) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഒന്നാമിന്നിങ്സിൽ അക്ഷർ പേട്ടൽ നാലും അശ്വിൻ മൂന്നും വിക്കറ്റെടുത്തിരുന്നു. പരമ്പരയിലുടനീളം അത്യുജ്ജ്വലമായി പന്തെറിഞ്ഞതിനൊപ്പം ബാറ്റിങ്ങിലും തിളങ്ങിയ അശ്വിനാണ് മാൻ ഓഫ് ദ സീരീസ്. ഋഷഭ് പന്ത് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.