മിന്നുമണിക്ക് 10 വിക്കറ്റ്; ഓസീസ് ലീഡ് 192 റൺസ്
text_fieldsസിഡ്നി: ക്യാപ്റ്റൻ മിന്നുമണി വീണ്ടും മിന്നിയിട്ടും സ്വന്തം പിച്ചിന്റെ ആനുകൂല്യം അവസരമാക്കി പിടിച്ചുനിന്ന് ഓസീസ് വനിതകൾ. ഇന്ത്യ എ വനിതകൾക്കെതിരായ അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ആതിഥേയർക്ക് 192 റൺസ് ലീഡുണ്ട്.
212 റൺസുമായി ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച ഓസീസിനെതിരെ ഇന്ത്യൻ ചെറുത്തുനിൽപ് 28 റൺസ് അകലെ 184ൽ അവസാനിച്ചു. കെയ്റ്റ് പീറ്റേഴ്സന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. രണ്ട് വിക്കറ്റിന് 100 റൺസുമായി ഇന്നലെ കളി പുനരാരംഭിച്ച ഇന്ത്യ മികച്ച ലീഡിലേക്ക് കുതിക്കുന്നുവെന്ന് തോന്നിച്ചെങ്കിലും മധ്യനിരയെ കടപുഴക്കിയ മാരക ബൗളിങ്ങുമായി പീറ്റേഴ്സൺ നിറഞ്ഞാടുകയായിരുന്നു. തേജൽ ഹസബ്നിസ് (32), ശ്വേത സെഹ്റാവത്ത് (40) എന്നിവരാണ് ഇന്നലെ ആദ്യം വീണത്. 27 റൺസിൽ അഞ്ച് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ടീമിന്റെ വാലറ്റത്ത് സയാലി (21), മിന്നുമണി (17) എന്നിവർ പിടിച്ചുനിന്നത് വൻ വീഴ്ച ഒഴിവാക്കി.
184ൽ എല്ലാവരും പുറത്തായതോടെ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസിനെ ശരിക്കും ഞെട്ടിച്ചാണ് മിന്നുമണി തകർത്താടിയത്. ഇന്ത്യൻ സ്പിന്നിനെ നേരിടുന്നതിൽ ഒരിക്കലൂടെ പതറിയ ഓസീസ് ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറിയെങ്കിലും അർധ സെഞ്ച്വറി പിന്നിട്ട് നിൽക്കുന്ന മാഡി ഡാർക് (54 നോട്ടൗട്ട്) ടീമിന്റെ ലീഡ് ഉയർത്തുന്നതിൽ നിർണായകമായി. നേരത്തേ എമ്മ ബി ബ്രൗയും അർധ സെഞ്ച്വറി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.