ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ്; പുജാരക്കും ശ്രേയസ്സിനും അർധശതകം; ആദ്യ ദിനം ഇന്ത്യ ആറിന് 278
text_fieldsചറ്റോഗ്രാം (ബംഗ്ലാദേശ്): ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ സന്ദർശകർ ഒന്നാമിന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിലാണ്. 90 റൺസ് നേടിയ ചേതേശ്വർ പുജാരയുടെയും 82 റൺസുമായി പുറത്താവാതെ നിൽക്കുന്ന ശ്രേയസ്സ് അയ്യരുടെയും പ്രകടനങ്ങളാണ് തുടക്കത്തിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത്.
ടോസ് നേടിയ നായകൻ കെ.എൽ രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 41ലെത്തിയപ്പോൾ ഓപണർ ശുഭ്മാൻ ഗിൽ (20) തൈജുൽ ഇസ്‍ലാമിന്റെ പന്തിൽ യാസിർ അലിക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ മറ്റൊരു ഓപണർ രാഹുലും (22) പുറത്ത്. ഖാലിദ് അഹമ്മദിന്റെ ഓവറിൽ ബൗൾഡാവുകയായിരുന്നു ക്യാപ്റ്റൻ. തൊട്ടടുത്ത ഓവറിൽ വിരാട് കോഹ് ലിയെ തൈജുൽ ഇസ്‍ലാം വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോൾ സ്കോർ മൂന്നിന് 48. പുജാരയും ഋഷഭ് പന്തും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നിന് 85.
കളി പുനരാരംഭിച്ച് വ്യക്തിഗത സ്കോർ 46ലെത്തിയപ്പോൾ ഋഷഭ് മടങ്ങി. മെഹ്ദി ഹസൻ മിറാസിന്റെ ഏറിൽ ബൗൾഡാവുകയായിരുന്നു. സ്കോർ നാലിന് 112. പുജാരയും ശ്രേയസ്സും ഒരുമിച്ചതോടെയാണ് ഇന്ത്യ കരകയറിയത്. 203 പന്തിൽ 90 റൺസെടുത്ത പുജാര തൈജുൽ ഇസ്‍ലാമിന്റെ പന്തിൽ സ്റ്റമ്പിളകി മടങ്ങി. അഞ്ചിന് 261. അക്സർ പട്ടേലിനെയും (14) മെഹ്ദി ബൗൾഡാക്കിയ വേളയിൽ ഒന്നാം ദിവസത്തെ കളിക്കും അന്ത്യമായി. തൈജുൽ ഇസ്‍ലാം മൂന്ന് വിക്കറ്റെടുത്ത് ബൗളിങ്ങിൽ മിന്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.