തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; ബംഗ്ലാദേശിനെതിരെ 186 റൺസിന് പുറത്ത്
text_fieldsധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 41.2 ഓവറിൽ 186 റൺസിന് എല്ലാവരും പുറത്തായി. 73 റൺസെടുത്ത കെ.എൽ. രാഹുൽ ഒഴികെ മറ്റാർക്കും മികവ് കാട്ടാനായില്ല. ക്യാപ്റ്റൻ രോഹിത് ശർമ (27), ശ്രേയസ് അയ്യർ (24), വാഷിങ്ടൺ സുന്ദർ (19) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഇന്ത്യൻ മുൻനിര പാടെ തകരുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്. സ്കോർ 23ൽ നിൽക്കേ ഏഴ് റൺസെടുത്ത ശിഖർ ധവാൻ മെഹ്ദി ഹസന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി. നാല് ബൗണ്ടറിയും ഒരു സിക്സറും പറത്തിയ ക്യാപ്റ്റൻ രോഹിത് ശർമ ഫോം കണ്ടെത്തിയെന്ന് തോന്നിച്ചെങ്കിലും 11ാം ഓവറിൽ ഷാക്കിബ് അൽ ഹസന്‍റെ പന്തിൽ ബൗൾഡായി. വിരാട് കോഹ്ലി (ഒൻപത്) വേഗം മടങ്ങി.
70 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടങ്ങിയ കെ.എൽ. രാഹുലിന്‍റെ ഇന്നിങ്സാണ് ഇന്ത്യൻ സ്കോറിനെ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ, 33ാം ഓവറിൽ 152ന് നാല് എന്ന നിലയിൽ നിന്നും 35ാം ഓവറിൽ 156ന് എട്ട് എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് വാലറ്റക്കാർക്കും കാര്യമായൊന്നും ചെയ്യാനായില്ല. രാഹുൽ പൊരുതിയെങ്കിലും 40ാം ഓവറിൽ ഒമ്പതാമനായി പുറത്തായി.
ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അൽ ഹസൻ 10 ഓവറിൽ 36 റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു. ഇബാദത്ത് ഹുസൈൻ നാലും വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.