അനായാസം ഇന്ത്യ; ആദ്യ ഏകദിനത്തിൽ 10 വിക്കറ്റ് ജയം
text_fieldsലണ്ടൻ: ജോണി ബെയർസ്റ്റോ, ജേസൺ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ, ലിയാം ലിവിങ്സ്റ്റൺ, മുഈൻ അലി... ഏതൊരു ബൗളിങ് നിരയെയും പേടിപ്പെടുത്തുന്ന ബാറ്റിങ് ലൈനപ്പായിരുന്നു ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനായി അണിനിരന്നത്. എന്നാൽ, ഇന്ത്യക്ക് അതൊന്നും പ്രശ്നമായിരുന്നില്ല.
കാരണം ബൗളിങ് നിരയിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമുണ്ടല്ലോ. ഇരുവരും തീപാറുന്ന പന്തുകൾ പായിച്ചപ്പോൾ ഓവലിലെ ജീവനുള്ള പിച്ചിൽ ഇംഗ്ലണ്ട് ബാറ്റർമാരുടെ ജീവൻ പോയി. 10 വിക്കറ്റ് വിജയവുമായി ആദ്യ ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു. ഏകദിന കരിയറിലെ മികച്ച ബൗളിങ് പ്രകടനവുമായി 19 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുത് ബുംറ സംഹാരരൂപിയായപ്പോൾ മൂന്നു വിക്കറ്റുമായി ഷമി മികച്ച പിന്തുണ നൽകി. ഒരു വിക്കറ്റ് പ്രസിദ്ധ് കൃഷ്ണക്കായിരുന്നു. ഷമി ഏകദിനത്തിൽ 150 വിക്കറ്റ് തികക്കുകയും ചെയ്തു.
എല്ലാ വിക്കറ്റും പേസർമാർ കീശയിലാക്കിയപ്പോൾ 25.2 ഓവർ മാത്രം ബാറ്റേന്തിയ ഇംഗ്ലണ്ട് 110 റൺസുമായി തിരിച്ചുകയറി. ചെറിയ ലക്ഷ്യം അനായാസം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. അർധ സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമയും (58 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറുമടക്കം 76) ശിഖർ ധവാനും (54 പന്തിൽ നാലു ഫോറുമായി 31) പുറത്താവാതെ നിന്നു.
ഈർപ്പം നിറഞ്ഞ അന്തരീക്ഷം ബൗളർമാരെ തുണക്കുമെന്ന തിരിച്ചറിവിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ ബൗളിങ്ങുമായി ബുംറയും ഷമിയും അത് ശരിവെക്കുകയും ചെയ്തു. എട്ടോവർ ആവുമ്പോഴേക്കും 26 റൺസ് സ്കോർ ബോർഡിൽ ചേർക്കുമ്പോഴേക്കും ആദ്യ ആറിൽ അഞ്ചു ബാറ്റർമാരും പുറത്തായിരുന്നു. റോയ്, റൂട്ട്, സ്റ്റോക്സ്, ലിവിങ്സ്റ്റൺ എന്നിവർ മടങ്ങിയത് പൂജ്യരായി.
ടെസ്റ്റിൽ ഏകദിന ശൈലിയിൽ റണ്ണടിച്ചുകൂട്ടിയ ബെയർസ്റ്റോക്കും (7) അതാവർത്തിക്കാനായില്ല. ട്വന്റി20 പരമ്പരയിലും റൺ കണ്ടെത്താൻ പാടുപെട്ട റോയ് ആണ് ആദ്യം മടങ്ങിയത്. ബുംറയുടെ ആദ്യ ഓവറിൽ ലൂസ് ഡ്രൈവിന് ശ്രമിച്ച റോയ് പന്ത് വിക്കറ്റിലേക്ക് വലിച്ചിടുകയായിരുന്നു.
അതേ ഓവറിൽ റൂട്ടിനെ പന്തിന്റെ കൈയിലെത്തിച്ച ബുംറ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേൽപിച്ചു. തൊട്ടടുത്ത ഓവറിൽ സ്റ്റോക്സിനെ പന്തിന്റെ ഗ്ലൗസിലെത്തിച്ച് ഷമിയും ആക്രമണത്തിൽ പങ്കുചേർന്നു. പിടിച്ചുനിൽക്കാൻ ശ്രമിച്ച ബെയർസ്റ്റോ ബുംറയുടെ പന്തിൽ പന്തിന് ക്യാച്ച് നൽകിയതിനു പിന്നാലെ ലിവിങ്സ്റ്റണിന്റെ കുറ്റിയും ബുംറ പിഴുതു. അപ്പോഴും പോസിറ്റിവായി ബാറ്റുവീശിയ നായകൻ ബട്‍ലർക്കും (30) അധികം പിടിച്ചുനിൽക്കാനായില്ല.
ഷമിയെ സിക്സ് പറത്താനുള്ള ശ്രമത്തിൽ ബട്‍ലറെ സൂര്യകുമാർ യാദവ് പിടിച്ചു. ഡേവിഡ് വില്ലി (21), ബ്രൈഡൻ കാഴ്സ് (15), മുഈൻ അലി (14), ക്രെയ്ഗ് ഓവർട്ടൻ (8) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. വില്ലിയുടെയും കാഴ്സിന്റെയും കുറ്റി പിഴുത് ബുംറ തന്നെ ഇന്നിങ്സിന് വിരാമമിട്ടു. രണ്ടാം ഏകദിനം വ്യാഴാഴ്ച ലോർഡ്സിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.