ടെസ്റ്റിൽ കണ്ടതല്ല ഇംഗ്ലണ്ട്!; നാളെ മുതൽ തീപാറും പോരാട്ടം
text_fieldsന്യൂഡൽഹി: ടെസ്റ്റ് പരമ്പരയിലെ 3-1ന്‍റെ ഏകപക്ഷീയ ജയങ്ങത്തിന് ശേഷം ഞായറാഴ്ച മുതൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ സമീപകാലത്തായി ഏറ്റവും മികച്ച റെക്കോർഡുള്ള ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ ഇന്ത്യ കളിക്കാനിറങ്ങുേമ്പാൾ പോരാട്ടം തീപാറുമെന്നുറപ്പ്.
ടെസ്റ്റിലെപ്പോലെ സ്ഥിരതയില്ലാത്ത ബാറ്റിങ് ലൈനപ്പല്ല ട്വന്‍റി 20യിൽ ഇംഗ്ലണ്ടിനുള്ളത്. വേണ്ടിവന്നാൽ 11ാമൻ വരെ ബാറ്റേന്തുന്ന ഇംഗ്ലണ്ട് ടീം കടലാസിൽ ലോകത്തെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവർ സംഘമാണ്. ജേസൺ റോയ്, ജോസ് ബട്ലർ എന്നീ വമ്പൻമാർ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്ന ഇംഗ്ലണ്ടിനായി മൂന്നാമതെത്തുക ലോക ഒന്നാം നമ്പർ താരം ഡേവിഡ് മലാനാണ്. നാലാമനായി ക്യാപ്റ്റൻ ഇയാൻ മോർഗൻ. തൊട്ടുപിന്നാലെ സാക്ഷാൽ ബെൻ സ്റ്റോക്സും ജോണി ബാരിസ്റ്റോയും. അതുകൊണ്ടും തീർന്നില്ല. സാംകറൻ, മുഈൻ അലി എന്നീ ആൾ റൗണ്ടർമാരുടെ ഊഴമാണ് പിന്നീട്. തുടർന്നെത്തുന്ന ജോഫ്ര ആർച്ചർ, മാർക് വുഡ്, ആദിൽ റഷീദ് എന്നീ ബൗളർമാരും വേണ്ടി വന്നാൽ ഒരു കൈ നോക്കാൻ പോന്നവരാണ്.
മറുവശത്ത് ഇന്ത്യയും മോശക്കാരല്ല. വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ രാഹുൽ, ശിഖർധവാൻ, ഹാർദിക് പാണ്ഡ്യ എന്നീ വമ്പൻമാർക്കൊപ്പം ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാനാണ് സാധ്യത. ഐ.പി.എല്ലിൽ വെടിക്കെട്ടുകൾ തീർത്ത ഇഷാൻ കിഷൻ, സൂര്യ കുമാർ യാദവ് അടക്കമുള്ളവർ പരമ്പരയിൽ അരങ്ങേറ്റം പ്രതീക്ഷിക്കുന്നു. ബൗളിങ്ങിൽ ജസ്പ്രീത് ബുംറക്കൊപ്പം പരിക്ക് മാറി മടങ്ങിയെത്തിയ ഭുവനേശ്വർ കുമാർ സ്ഥാനം പിടിക്കും. സ്പിന്നറായി യൂസ്വേന്ദ്ര ചാഹലിനാണ് സാധ്യത.
പരമ്പരയിലെ അഞ്ച് മത്സരങ്ങളും അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. മാർച്ച് 12 മുതൽ മാർച്ച് 20 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ വൈകീട്ട് ഏഴുമണിക്കാണ് മത്സരം. ഈ വർഷം നടക്കുന്ന ട്വന്‍റി 20 ലോകകപ്പിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുേമ്പാൾ പോരാട്ടം തീപാറുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.