ഇന്ത്യൻ സ്പിൻ മാജിക് വീണ്ടും; ഇംഗ്ലണ്ട് 205 റൺസിന് എല്ലാവരും പുറത്ത്
text_fieldsഅഹ്മദാബാദ്: കുത്തിത്തിരിയുന്ന പിച്ചെന്ന് പഴിയേറെ കേട്ട അഹ്മദാബാദ് സ്റ്റേഡിയത്തിൽ വീണ്ടും കരുത്തു തെളിയിച്ച് ഇന്ത്യൻ സ്പിന്നർമാർ. നാലാം ടെസ്റ്റിന്‍റെ ഒന്നാം ദിവസം ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 205 റൺസ് എടുക്കുേമ്പാഴേക്ക് എല്ലാവരും പുറത്തായി. ഓപണിങ് ജോഡിയെ പിഴുത് അക്സർ പേട്ടൽ തുടങ്ങിയ വിക്കറ്റ് വേട്ട അശ്വിനും മുഹമ്മദ് സിറാജും വാഷിങ്ടൺ സുന്ദറും ചേർന്ന് പൂർത്തിയാക്കിയപ്പോൾ ബെൻ സ്റ്റോക്സ്, ഡാൻ ലോറൻസ് എന്നിവർ ഒഴികെ എല്ലാവരും കാര്യമായ സമ്പാദ്യമില്ലാതെ പുറത്തായി. ഓപണർമാരായ സാക് ക്രോളി ഒമ്പതു റൺസിലും ഡോം സിബ്ലി രണ്ടു റൺസിലും നിൽക്കെ പേട്ടലിന് വിക്കറ്റ് നൽകി മടങ്ങിയതോടെ ഇംഗ്ലീഷ് ബാറ്റിങ്ങിന്‍റെ തകർച്ച വ്യക്തമായിരുന്നു. ജോണി ബെയർസ്റ്റോ (28) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മുഹമ്മദ് സിറാജ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. വൈകാതെ ജോ റൂട്ടും (05) സിറാജിന് തന്നെ വിക്കറ്റ് നൽകി. ബെൻ സ്റ്റോക്സ് അർധ സെഞ്ച്വറി തികച്ചെങ്കിലും റൺസ് 55ൽ നിൽക്കെ മടങ്ങി. വാഷിങ്ടൺ സുന്ദറായിരുന്നു ബൗളർ. ഓയിലി പോപ്, ബെൻ ഫോക്സ്, ജാക് ലീച്ച് എന്നിവരെ അശ്വിൻ മടക്കിയപ്പോൾ വാലറ്റത്ത് ഡോം ബെസും ഡാൻ ലോറൻസും അക്സർ പേട്ടലിനു മുന്നിൽ കീഴടങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. ആൻഡേഴ്സണാണ് ഗില്ലിനെ സംപൂജ്യനാക്കി വിക്കറ്റിനു മുന്നിൽകുടുക്കിയത്. രോഹിത് ശർമയും ചേതേശ്വർ പൂജാരയും ക്രീസിലുണ്ട്.
അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനായിരുന്നു ടോസ്. ബാറ്റിങ് തെരഞ്ഞെടുത്ത ടീമിന്‍റെ മധ്യനിര ഒഴികെ പരാജയമായത് തിരിച്ചടിയായി.
നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ആദ്യ ടെസ്റ്റ് ഗംഭീര വിജയവുമായി തുടങ്ങിയ ഇംഗ്ലണ്ട് പിന്നീടുള്ള രണ്ടും തോറ്റ് നാണക്കേടിനരികെയാണ്. മറുവശത്ത്, രണ്ടു ദിവസം കൊണ്ട് മൂന്നാം ടെസ്റ്റ് അവസാനിപ്പിച്ച ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകെയും. ജൊഫ്ര ആർചറെയും സ്റ്റുവർട്ട് ബ്രോഡിനെയും പുറത്തിരുത്തി പകരം ലോറൻസ്, ബെസ് എന്നിവർക്ക് അവസരം നൽകിയാണ് സന്ദർശകർ ഇറങ്ങിയത്. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറക്കു പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് സിറാജ് ആദ്യ ദിനം തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.