ഒന്നാം ടെസ്റ്റ്: ഇശാന്തും നദീമും ഇന്ത്യൻ ടീമിൽ, ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും
text_fieldsചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാമത്തെ ഫൈനലിസ്റ്റിനെ നിശ്ചയിക്കാൻ പോകുന്ന പരമ്പരയായതിനാൽ തന്നെ ഇരു ടീമുകൾക്കും ഓരോ മത്സരങ്ങളും നിർണായകമാണ്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ജയിക്കാനായാൽ ഇന്ത്യക്ക് ന്യൂസിലൻഡുമായി ഫൈനൽ ഉറപ്പിക്കാം.
നീണ്ട 11 മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ആരവമുയരുന്നത്. മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ ചെപ്പോക്കിൽ കളിപ്പിക്കുന്നത്. ആർ. അശ്വിനും വാഷിങ്ടൺ സുന്ദറിനുമൊപ്പം ശഹബാസ് നദീം പന്തെറിയും. പരിക്കിനെത്തുടർന്ന് ഓസീസ് പര്യടനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ഇശാന്ത് ശർമ തിരിച്ചെത്തി.
ഇംഗ്ലീഷ് ടീമിൽ ഓൾറൗണ്ടർ മുഈൻ അലിക്കും പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡിനും ഇടം നേടാനായില്ല. ജോഫ്ര ആർച്ചറും ജെയിംസ് ആൻഡേഴ്സണുമാകും ബെൻ സ്റ്റോക്സിനൊപ്പം പേസ് അറ്റാക്കിന് നേതൃത്വം നൽകുക.
2012ൽ ഇന്ത്യയിൽ വെച്ച് ടെസ്റ്റ് കരിയർ ആരംഭിച്ച ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന്‍റെ 100ാം മത്സരവും ഇന്ത്യയിൽ വെച്ച് തന്നെയാണെന്ന ആകസ്മികതയും മത്സരത്തിനുണ്ട്. റൂട്ടിന്‍റെ 50ാം ടെസ്റ്റും ഇന്ത്യക്കെതിരെയായിരുന്നു.
ടീം ഇന്ത്യ:
വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ആർ. അശ്വിൻ, ശഹബാസ് നദീം, ജസ്പ്രീത് ബൂംറ, ഇശാന്ത് ശർമ
ഇംഗ്ലണ്ട്:
ജോ റൂട്ട് (ക്യാപ്റ്റൻ), റോറി ബേൺസ്, ഡൊമിനിക് സിബ്ലി, ഡാനിയൽ ലോറൻസ്, ബെൻ സ്റ്റോക്സ്, ഒലി പോപ്, ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), ഡൊമിനിക് ബെസ്, ജോഫ്ര ആർച്ചർ, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.