തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ്; നിശബ്ദമായി ദുബൈ സ്റ്റേഡിയം
text_fieldsദുബൈ: ശ്മശാന മൂകമായ ദുബൈ സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര. ടോസ് നഷ്ടമായത് മുതൽ ഒന്നും ശരിയാകാതിരുന്ന ഇന്ത്യയെ കിവി ബൗളർമാർ അക്ഷരാർഥത്തിൽ വരിഞ്ഞുകെട്ടി. സമ്മർദത്തിനനുസരിച്ച് ബാറ്റുവീശാതിരുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ പലപ്പോഴും വിക്കറ്റുകൾ അനാവശ്യമായി വലിച്ചെറിയുകയായിരുന്നു. ഒച്ചിഴയും വേഗത്തിൽ ഇഴഞ്ഞുനീങ്ങിയ ഇന്ത്യൻ ഇന്നിങ്സ് നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് കൂട്ടിച്ചേർത്തത്. ന്യൂസിലാൻഡിനായി ട്രെന്‍റ് ബോൾട്ട് മൂന്നും ഇഷ് സോധി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഓരോ വിക്കറ്റുകളുമായി ടിം സൗത്തിയും ആദം മിൽനെയും കൂട്ടുചേർന്നപ്പോൾ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയ മിച്ചൽ സാന്റ്നർ തന്‍റെ ജോലി വൃത്തിയായി ചെയ്തു.
രോഹിത് ശർമക്ക് പകരം ഇഷാൻ കിഷനാണ് ഓപ്പണറായെത്തിയത്. ടീം സ്കോർ നിൽക്കേ ട്രെന്‍റ് ബോൾട്ടിന്‍റെ പന്തിൽ ഡാരിൽ മിച്ചലിന് പിടികൊടുത്ത് ഇഷാൻ കിഷനാണ് (എട്ടു പന്തിൽ നാല്) ആദ്യം പുറത്തായത്. തൊട്ടടുത്ത പന്തിൽ രോഹിത് ഉയർത്തിയടിച്ച പന്ത് അനായാസം കൈപ്പിടിയിലൊതുക്കാവുന്ന പന്ത് ആദം മിൽനേ കൈവിട്ടെങ്കിലും ആശ്വാസം അധികം നീണ്ടില്ല. വൈകാതെ സൗത്തിയുടെ പന്തിൽ ഡാരിൽ മിച്ചലിന് പിടികൊടുത്ത് കെ.എൽ രാഹുലും മടങ്ങി (16 പന്തിൽ 18). നല്ല ടച്ചിലെന്ന് തോന്നിച്ച രോഹിതായിരുന്നു അടുത്ത ഇര. ഇഷ് സോധിയുടെ പന്തിൽ ഗപ്റ്റിലിന് പിടികൊടുത്ത് രോഹിതും (14 പന്തിൽ 14) തിരിഞ്ഞു നടന്നു.
ക്രീസിലെത്തിയത് മുതൽ താളം കണ്ടെത്താൻ വിഷമിച്ച വിരാട് കോഹ്ലി (17 പന്തിൽ 9) സോധിയുടെ പന്തിൽ ബോൾട്ടിന് പിടികൊടുത്ത് മടങ്ങിയതോടെ ഗാലറി നിശബ്ദമായി. വമ്പനടികൾക്ക് കെൽപ്പുള്ള റിഷഭ് പന്തും ഹർദിക് പാണ്ഡ്യയും ക്രീസിലുള്ളതിനാൽ തന്നെ ഇന്ത്യഎപ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അതും സംഭവിച്ചില്ല. റിഷഭ് പന്തും (19 പന്തിൽ 12), ഹർദിക് പാണ്ഡ്യയും (24 പന്തിൽ 23) പുറത്തായി. 19 പന്തിൽ 26 റൺസുമായി അവസാന ഓവറുകളിൽ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.