രണ്ടാം ഏകദിനത്തിൽ 44 റൺസ് വിജയം; ഇന്ത്യക്ക് പരമ്പര
text_fieldsഅഹ്മദാബാദ്: കരുത്തുകാട്ടാമായിരുന്നിട്ടും ദൗർബല്യം തെളിഞ്ഞുനിന്ന് കരീബിയൻ പട ഉഴറിയ ദിനത്തിൽ ആധികാരിക ജയം തുടർന്ന് ഇന്ത്യ. ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട് ചെറിയ ടോട്ടലുമായി പിറകിലോടിയ ശേഷം എതിരാളികളെ റണ്ണെടുക്കാൻ വിടാതെയാണ് രണ്ടാം ഏകദിനത്തിൽ 44 റൺസിന് ഇന്ത്യ ജയിച്ചത്. ഇതോടെ പരമ്പര ഇന്ത്യക്ക് സ്വന്തം. പ്രസിദ്ധ് നാലു വിക്കറ്റുമായി നിറഞ്ഞുനിന്ന കളിയിൽ സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി കുറിച്ചു. സ്കോർ ഇന്ത്യ 237/9, വെസ്റ്റ് ഇൻഡീസ് 193ന് എല്ലാവരും പുറത്ത്.
മുൻനിര നേരത്തേ മടങ്ങിയ ഇന്ത്യൻ ഇന്നിങ്സിൽ കെ.എൽ. രാഹുലും സൂര്യകുമാർ യാദവും ചേർന്നാണ് രക്ഷാദൗത്യം ഏറ്റെടുത്തത്. ക്യാപ്റ്റൻ രോഹിത് അഞ്ചു റണ്ണുമായി കൂടാരം കയറിയപ്പോൾ സ്ഥാനക്കയറ്റം കിട്ടിയ ഋഷഭ് പന്തും പിന്നാലെ കോഹ്ലിയും 18 റണ്ണുമായി തിരിച്ചെത്തി. മൂവർക്കും ശേഷമാണ് രാഹുലും സൂര്യകുമാറും ഒന്നിക്കുന്നത്. കരുതലോടെ ബാറ്റുവീശി ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയ ഇരുവരും തിടുക്കം കാട്ടാതെ റണ്ണെടുത്തപ്പോൾ ആതിഥേയർ മോശമല്ലാത്ത ടോട്ടലിലേക്കെന്ന് തോന്നിച്ചു. 48 പന്തിൽ നാലു ഫോറും രണ്ടു സിക്സറുമടക്കം 49 റൺസുമായി അർധ സെഞ്ച്വറിക്കരികെ രാഹുൽ റണ്ണൗട്ടായി മടങ്ങി. പിന്നെയും ഇന്ത്യൻ പോരാട്ടത്തെ നയിച്ച് പിടിച്ചുനിന്ന സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി പൂർത്തിയാക്കാൻ സമയമെടുത്തെങ്കിലും പിന്നീട് ആക്രമിച്ചുകളിച്ചു. എന്നാൽ, വ്യക്തിഗത സ്കോർ 64ൽ നിൽക്കെ ഫാബിയൻ അലന്റെ പന്തിൽ അൽസരി ജോസഫിന് ക്യാച്ച് നൽകി മുംബൈ താരം പവലിയനിലെത്തി.
ഇരുവരും തുടങ്ങിവെച്ച ദൗത്യം ഏറ്റെടുത്ത വാഷിങ്ടൺ സുന്ദർ- ദീപക് ഹൂഡ കൂട്ടുകെട്ട് പിന്നെയും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. സുന്ദർ 24ഉം ഹൂഡ 29ഉം റൺസെടുത്ത് മടങ്ങി. പിന്നീടെത്തിയ ഷാർദുൽ ഠാകുറും മുഹമ്മദ് സിറാജും രണ്ടക്കം തികക്കാതെ തിരിച്ചുപോയി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് തുടക്കത്തിലേ തകർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു. ഓപണർമാരായ ഷായ് ഹോപും (54 പന്തിൽ 27 റൺസ്) ബ്രാൻഡൺ കിങ്ങും (20ൽ 18) മടങ്ങിയതിനു പിന്നാലെ ഒരു റണ്ണെടുത്ത ഡാരൻ ബ്രാവോയും തിരികെ പോയി. ആദ്യ വിക്കറ്റെടുത്ത് ചഹൽ തുടങ്ങിയത് പിന്നീട് പ്രസിദ്ധ് കൃഷ്ണ ഏറ്റെടുക്കുകയായിരുന്നു.
വിക്കറ്റ് കീപർ പന്തിന്റെ കൈകളിലെത്തിച്ച് കിങ്ങിനെയും ബ്രാവോയെയും പ്രസിദ്ധ് മടക്കി. പിൻനിരയിൽ ഷമർ ബ്രൂക്സ് (44 റൺസ്) ഒഴികെ ആരും മൂർച്ചയേറിയ ഇന്ത്യൻ ബൗളിങ് കരുത്തിനു മുന്നിൽ പിടിച്ചുനിന്നില്ല. ഏഴാമനായെത്തിയ അഖീൽ ഹുസൈൻ വിൻഡീസ് ചെറുത്തുനിൽപ് തുടരാൻ ശ്രമം നടത്തിയെങ്കിലും 34ൽ നിൽക്കെ ഷാർദുൽ ഠാകുർ വിക്കറ്റ് കീപറുടെ കൈകളിലെത്തിച്ചു. വിക്കറ്റിനു പിന്നിൽ ജാഗ്രത്തായി നിന്ന പന്ത് ഇതിനകം നാലു പേരെയാണ് മനോഹര ക്യാച്ചുമായി കൂടാരം കയറ്റിയത്. വാലറ്റത്ത് ഒഡിയൻ സ്മിത്ത് 24 റണ്ണുമായി അവസാന ശ്രമം നടത്തിയത് അപായ സൂചന നൽകിയെങ്കിലും വാഷിങ്ടൺ സുന്ദർ കോഹ്ലിയുടെ കൈകളിലെത്തിച്ചു. അവസാനം കമർ റോഷിനെയും പ്രസിദ്ധ് മടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.