വിൻഡീസിനെ എറിഞ്ഞൊതുക്കി അശ്വിൻ; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം
text_fieldsറോസോ: സ്പിന്നർ ആർ. അശ്വിന്‍റെ പന്തുകൾക്ക് മുന്നിൽ രണ്ടാം ഇന്നിങ്സിലും വെസ്റ്റിൻഡീസുകാർ ബാറ്റ് വെച്ച് കീഴടങ്ങിയപ്പോൾ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സിനും 141 റൺസിനും ജയം. രണ്ടാമിന്നിങ്സിൽ വെറും 130 റൺസെടുക്കാൻ മാത്രമേ വെസ്റ്റിൻഡീസിന് സാധിച്ചുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ 171 റൺസെടുത്ത യുവതാരം യാശസ്വി ജയ്സ്വാളാണ് കളിയിലെ താരം. സ്കോർ: വെസ്റ്റിൻഡീസ് -150, 130. ഇന്ത്യ- 421ന് 5 (ഡിക്ല.). രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ1-0ന് മുന്നിലെത്തി.
മൂന്നാം ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 421 റൺസെടുത്ത് ഇന്ത്യ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വെസ്റ്റിൻഡീസിന്‍റെ രണ്ടാമിന്നിങ്സും കൂട്ടത്തകർച്ചയായി. ഒന്നാമിന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുകാട്ടിയ അശ്വിൻ രണ്ടാമിന്നിങ്സിലും വിൻഡീസിന്‍റെ അന്തകനായി. ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ മത്സരത്തിൽ ആകെ 12 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കി. ഒന്നാമിന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ രണ്ടാമിന്നിങ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത് അലിക്ക് അതാന്‍സെയും (28) ജേസണ്‍ ഹോള്‍ഡറുമായിരുന്നു (20 നോട്ടൗട്ട്).
രണ്ടിന് 312 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അരങ്ങേറ്റ സെഞ്ച്വറി വീരൻ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 171 റൺസെടുത്ത ജയ്സ്വാളിനെ അൽസാരി ജോസഫിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ ജോഷ്വ ഡാ സിൽവ ക്യാച്ചെടുത്താണ് മടക്കിയത്. മൂന്നു റൺസെടുത്ത് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനയും പുറത്തായി. കെമർ റോച്ചിനാണ് വിക്കറ്റ്. വിരാട് കോഹ്ലി 76 റൺസെടുത്ത് മടങ്ങിയപ്പോൾ 37 റൺസ് നേടിയ രവീന്ദ്ര ജദേജയും ഒറ്റ റൺസുമായി ഇഷാൻ കിഷനുമായിരുന്നു ഒടുവിൽ ക്രീസിൽ.
143 റൺസുമായാണ് ജയ്സ്വാൾ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. 36 റൺസുമായി കോഹ്ലിയും. രാവിലെ മൂന്നാം ഓവറിൽ തന്നെ ജയ്സ്വാൾ 150 കടന്നു. അരങ്ങേറ്റ ടെസ്റ്റിൽ ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി യുവതാരം. സ്പിന്നർ ജോമൽ വാരിക്കനെ അതിർത്തിക്കപ്പുറം പറത്തി ടെസ്റ്റിലെ ആദ്യ സിക്സും ജയ്സ്വാൾ നേടി. കരുതലോടെ കളിച്ച ജയ്സ്വാളിന് ഒരു ലൂസ് ഷോട്ടിൽ പിഴക്കുകയായിരുന്നു. ശിഖർ ധവാനും (187) രോഹിത് ശർമക്കും (177) ശേഷം അരങ്ങേറ്റത്തിലെ ഇന്ത്യൻ താരത്തിന്റെ മൂന്നാമത്തെ മികച്ച സ്കോറായിരുന്നു ജയ്സ്വാളിന്റെ 171 റൺസ്. 147 പന്തിലാണ് ക്ഷമാപൂർവം ബാറ്റ് വീശി വിരാട് കോഹ്ലി അർധ ശതകം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.