അരങ്ങേറ്റം ശോഭനമാക്കി ആശ, അപരാജിതം സജന; മലയാളിക്കരുത്തിൽ അരങ്ങുതകർത്ത് ഇന്ത്യ
text_fieldsധാക്ക: അരങ്ങേറ്റക്കാരി ആശ ശോഭനയും ഓൾറൗണ്ടർ സജന സജീവനും ഒന്നിച്ച് കളത്തിലിറങ്ങിയ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. മഴ കാരണം 14 ഓവർ വീതമാക്കി വെട്ടിച്ചുരുക്കിയ നാലാം ട്വന്റി20യിൽ ഡെക്ക്‍വർത്ത് ലൂയിസ് മെത്തേഡ് പ്രകാരം 56 റൺസിനാണ് ഇന്ത്യൻ വനിതകൾ ജയം കുറിച്ചത്. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4-0ന് മുന്നിലെത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ ആറു വിക്കറ്റിന് 122 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 68 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 33-ാം വയസ്സിൽ ഇന്റർനാഷനൽ ക്രിക്കറ്റിൽ അരങ്ങേറ്റത്തിനിറങ്ങിയ ആശ ശോഭന മൂന്നോവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് മികവുകാട്ടി. ദീപ്തി ശർമ 13 റൺസ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് പിഴുതപ്പോൾ പൂജ വസ്ത്രകാറും രാധ യാദവും ഓരോ വിക്കറ്റെടുത്തു. ദിലാര അക്തർ (21), റൂബിയ ഹൈദർ (13), ശരീഫ ഖാത്തൂൻ (11 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കണ്ടത്.
നേരത്തേ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (26 പന്തിൽ 39), റിച്ചാ ഘോഷ് (15 പന്തിൽ 24), സ്മൃതി മന്ദാന (18 പന്തിൽ 22), ഡെയ്‍ലൻ ഹേമലത (14 പന്തിൽ 22) എന്നിവർക്കു പുറമെ സജന സജീവനും ഇന്ത്യൻ ബാറ്റിങ്ങിൽ മികവു കാട്ടി. ആറാമതായി പാഡുകെട്ടിയിറങ്ങിയ വയനാട്ടുകാരി അഞ്ചു പന്തു നേരിട്ട് ഒരു ഫോറടക്കം എട്ടു റൺസുമായി പുറത്താകാതെ നിന്നു.
ശ്രേയങ്ക പാട്ടീലിനും രേണുക സിങ്ങിനും വിശ്രമം നൽകിയാണ് ഇന്ത്യ ആശക്കും ടിറ്റാസ് സധുവിനും അവസരം നൽകിയത്. ബംഗ്ലാദേശ് തങ്ങളുടെ പതിനാലുകാരിയായ പേസർ ഹബീബ ഇസ്‍ലാമിന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാൻ അവസരമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.