ഇന്ത്യ എ ദുലീപ് ട്രോഫി ചാമ്പ്യൻമാർ
text_fieldsഹൈദരാബാദ്: സെഞ്ച്വറി നേട്ടത്തോടെ ശാശ്വത് റാവത്തും മികച്ച ബൗളിങ് പ്രകടനവുമായി തനുഷ് കോടിയനും പ്രസിദ്ധ് കൃഷ്ണയും നയിച്ചപ്പോൾ ഇന്ത്യ ‘സി’ക്കെതിരെ തകർപ്പൻ ജയവുമായി ദുലീപ് ട്രോഫിയിൽ ഇന്ത്യ എ ചാമ്പ്യന്മാർ. രണ്ട് ഇന്നിങ്സിലും മികവുകാട്ടുകയും എതിരാളികൾക്ക് കാര്യമായ അവസരം നൽകാത്ത പ്രകടനവുമായി കളി നയിക്കുകയും ചെയ്തായിരുന്നു 132 റൺസ് ജയം. ഇതോടെ മൂന്ന് കളികളിൽ 12 പോയന്റ് കുറിച്ചാണ് ടീം പട്ടികയിൽ ഒന്നാമതായി ചാമ്പ്യൻപട്ടം മാറോടുചേർത്തത്. സ്കോർ ഇന്ത്യ എ 297 & 286/8 ഡിക്ല. ഇന്ത്യ സി 234 & 217.
രണ്ട് കളികളിൽ ആറ് പോയന്റ് സമ്പാദ്യവുമായാണ് അവസാന റൗണ്ട് മത്സരത്തിന് ടീം ഇറങ്ങിയത്. ഒമ്പത് പോയന്റുള്ള ഇന്ത്യ ‘സി’യെക്കാൾ മൂന്ന് പോയന്റ് പിറകിലായതിനാൽ നാലു നാൾ പോരാട്ടത്തിൽ സമ്പൂർണ ജയം മാത്രമേ കിരീടം നൽകൂ എന്നതായിരുന്നു സ്ഥിതി.
അവസാന ദിനത്തിൽ 350 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ സി 217 റൺസിൽ എല്ലാവരും കീഴടങ്ങുകയായിരുന്നു. വിജയികൾക്കായി കൃഷ്ണയും കോടിയനും മൂന്നുവീതം വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 124 റൺസുമായി ടീമിന്റെ പോരാട്ടം നയിച്ച ശാശ്വത് രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി (53) കുറിച്ചിരുന്നു.
ഇന്ത്യ ‘എ’ക്കായി റിയാൻ പരാഗ് (73) അർധ സെഞ്ച്വറി നേടി. മറുവശത്ത്, ഇന്ത്യ ‘സി’ക്കായി സായ് സുദർശൻ സെഞ്ച്വറി കടന്ന് ഒറ്റക്കുനയിച്ച പോരാട്ടം പാഴായി. 206 പന്തിൽ 12 ഫോറുകളുടെ അകമ്പടിയിൽ 111 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഋതുരാജ് ഗെയ്ക്വാദ് 44 റൺസുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ആറുപേർ രണ്ടക്കം കാണാതെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.