ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി20 ഇന്ന്
text_fieldsബംഗളൂരു: ഇന്ത്യ-അഫ്ഗാനിസ്താൻ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച ചിന്നസാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ടു കളികളും ജയിച്ച് പരമ്പര നേടിയ ആതിഥേയർ 3-0ത്തിന് തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. അഫ്ഗാനെ സംബന്ധിച്ച് ആശ്വാസ ജയം അനിവാര്യവും. രണ്ടാമത് ബാറ്റ്ചെയ്ത് മൊഹാലിയിലും ഇന്ദോറിലും ആറു വിക്കറ്റിനാണ് ഇന്ത്യ മത്സരങ്ങൾ നേടിയത്.
14 മാസത്തിനുശേഷം ട്വന്റി20 ടീമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ കളിപ്പിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. എന്നാൽ, രോഹിത് രണ്ടു മത്സരത്തിലും പൂജ്യത്തിന് പുറത്തായി. ഇതുവരെ അവസരം ലഭിക്കാത്തവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുപ്രകാരം വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, പേസർ ആവേശ് ഖാൻ, സ്പിന്നർ കുൽദീപ് യാദവ് തുടങ്ങിയവർ ഇറങ്ങും. ശിവം ദുബെയുടെ പ്രകടനമാണ് രണ്ടു കളിയിലും ജയം അനായാസമാക്കിയത്.
പരിശീലന സെഷനിൽ ഋഷഭ് പന്തും
ബംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ദീർഘനാളായി ഇന്ത്യൻ ടീമിന് പുറത്തുനിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് നെറ്റ്സിൽ പരിശീലനം നടത്തി. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടരുന്ന പന്ത്, ഇന്നലെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ചേരുകയായിരുന്നു. 2022 അവസാനമാണ് താരത്തിന് കാർ മറിഞ്ഞ് ഗുരുതര പരിക്കേറ്റത്. അതിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിലും ഐ.പി.എല്ലിലും കളിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.