സൂപ്പർ ഓവറിൽനിന്ന് സൂപ്പർ ഓവറിലേക്ക് അത് വല്ലാത്തൊരു എക്സ്പീരിയൻസാണ്!
text_fieldsബംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിന് ഒട്ടും പരിചിതമല്ലാത്ത സംഭവവികാസങ്ങളാണ് ബുധനാഴ്ച രാത്രി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത്. ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരം ആവേശകരമായ സമനിലയിൽ കലാശിച്ചു. പിന്നാലെ, സൂപ്പർ ഓവർ. അവിടംകൊണ്ടും തീർന്നില്ല കാര്യങ്ങൾ. സൂപ്പർ ഓവറും ടൈ. അന്താരാഷ്ട്ര മത്സരത്തിൽ ഇതാദ്യമായി കളി രണ്ടാം സൂപ്പർ ഓവറിലേക്ക്. ആകാംക്ഷയുടെ മിനിറ്റുകൾ വീണ്ടും. ഒടുവിൽ, കളി ജയിച്ച് രോഹിത് ശർമയും സംഘവും പരമ്പര 3-0ത്തിന് തൂത്തുവാരി.
ഇന്ത്യ-അഫ്ഗാൻ മത്സരത്തിൽ സംഭവിച്ചത്
ഒന്നാം സൂപ്പർ ഓവർ
നിശ്ചിത 20 ഓവറിൽ ഇന്ത്യയും അഫ്ഗാനിസ്താനും സ്കോർ ചെയ്തത് 212 റൺസ് വീതം. സൂപ്പർ ഓവറിൽ അഫ്ഗാന് ആദ്യം ബാറ്റിങ്. മുകേഷ് കുമാറായിരുന്നു ബൗളർ.
ഗുൽബുദ്ദീൻ നായിബ് ആദ്യ പന്തിൽ ഡബിളിന് ശ്രമിക്കവെ റണ്ണൗട്ട്. മുഹമ്മദ് നബിയും റഹ്മാനുല്ല ഗുർബാസും ചേർന്ന് അഫ്ഗാനെ ഒരു വിക്കറ്റിന് 16 റൺസിലെത്തിച്ചു. മറുപടി ബാറ്റിങ്ങിൽ സ്മത്തുല്ല ഉമർസായിയുടെ ആദ്യ രണ്ട് പന്തുകളിൽ രോഹിതും യശസ്വി ജയ്സ്വാളും സിംഗിളെടുത്തു. പിന്നാലെ തുടർച്ചയായി രണ്ട് സിക്സറടിച്ചു രോഹിത്.
അടുത്ത പന്തിൽ സിംഗിൾ. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ്. രോഹിത് റിട്ടയേഡ് ഹർട്ടായി കയറി റിങ്കു സിങ്ങിനെ അയച്ചു. ആറാം പന്തിൽ ജയ്സ്വാൾ ഒരു റൺ മാത്രമെടുത്തതോടെ ഇന്ത്യ 16. വീണ്ടും ടൈ.
രണ്ടാം സൂപ്പർ ഓവർ
ആദ്യ സൂപ്പർ ഓവറിൽ പുറത്താവാതെനിന്ന റിങ്കുവിനൊപ്പം രോഹിത് ഇറങ്ങി. രോഹിത് വീണ്ടും വന്നത് അഫ്ഗാൻ താരങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇന്ത്യൻ നായകൻ പുറത്തായിട്ടില്ലെന്നും റിട്ടയേഡ് ഹർട്ടായതിനാൽ ബാറ്റിങ് തുടരാമെന്നാണ് നിയമമെന്നും അംപയർമാർ വിശദീകരിച്ചു. ഫരീദ് അഹ്മദിനെ സിക്സും ഫോറുമടിച്ച രോഹിത് മൂന്നാം പന്തിൽ സ്ട്രൈക് കൈമാറി. നാലാം പന്തിൽ റിങ്കു (0) വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി. പകരമെത്തിയ സഞ്ജു ആദ്യ പന്തിൽ സിംഗിളിന് ശ്രമിക്കവെ രോഹിത് റണ്ണൗട്ടായി. രണ്ട് വിക്കറ്റ് വീണതോടെ അഫ്ഗാന് ലക്ഷ്യം 12 റൺസ്. രവി ബിഷ്ണോയിയായിരുന്നു ബൗളർ. ആദ്യ പന്തിൽ മുഹമ്മദ് നബിയെ റിങ്കു പിടിച്ചു. രണ്ടാം പന്തിൽ കരീം ജനത്തിന്റെ സിംഗിൾ. മൂന്നാം പന്തിൽ റഹ്മാനുല്ല ഗുർബാസിനെയും ക്യാച്ചെടുത്തതോടെ നാടകീയതകൾക്ക് പര്യവസാനം. ഇന്ത്യക്ക് ജയം.
എന്താണ് സൂപ്പർ ഓവർ
പരിമിത ഓവർ ക്രിക്കറ്റ് മത്സരങ്ങളിൽ (ഏകദിനം, ട്വന്റി20) ടൈബ്രേക്കറിനായാണ് സൂപ്പർ ഓവർ ഉപയോഗിക്കുന്നത്. 2008 മുതൽ ട്വന്റി20യിൽ സൂപ്പർ ഓവറുണ്ട്. 2019ലെ ലോകകപ്പ് ഫൈനലിലാണ് ഏകദിനത്തിൽ ആദ്യമായി സൂപ്പർ ഓവർ നടപ്പാക്കിയത്. ഇംഗ്ലണ്ടും ന്യൂസിലൻഡും 15 വീതം റൺസെടുത്തതോടെ സൂപ്പർ ഓവറും സമനിലയിൽ. തുടർന്ന്, മത്സരത്തിലെ ആകെ ബൗണ്ടറികളുടെ എണ്ണം നോക്കിയാണ് ഇംഗ്ലണ്ടിനെ ലോക ജേതാക്കളായി പ്രഖ്യാപിച്ചത്. ഈ രീതി വ്യാപക വിമർശനത്തിനിടയാക്കിയതോടെ, ഫലമുണ്ടാവുന്നതുവരെ സൂപ്പർ ഓവർ എന്ന നിയമം കൊണ്ടുവരികയായിരുന്നു ഐ.സി.സി. തീരെ കളി തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ മാത്രം ടൈ ആയി പ്രഖ്യാപിക്കും.
നിയമങ്ങൾ
മത്സരം ഒരേ സ്കോറിൽ സമാപിച്ചാൽ മൂന്ന് വീതം ബാറ്റർമാർക്കും ഒരു ബൗളർക്കുമാണ് സൂപ്പർ ഓവർ കളിക്കാൻ അവസരം. സാധാരണ മത്സരത്തിലെന്നപോലെ ഏറ്റവുമധികം റൺസ് സ്കോർ ചെയ്യുന്ന ടീം വിജയിക്കും.
സാധാരണ മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് സൂപ്പർ ഓവറിൽ ആദ്യം ഇറങ്ങേണ്ടത്. ഏത് എൻഡിൽനിന്ന് ബൗൾ ചെയ്യണമെന്ന് ഫീൽഡിങ് ടീമിന് തീരുമാനിക്കാം.
ആറ് പന്തിനിടെ രണ്ട് വിക്കറ്റ് വീഴുന്നതോടെ ബാറ്റ് ചെയ്യുന്ന ടീം ഓൾ ഔട്ടാവും.
ഒന്നാം സൂപ്പർ ഓവറിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് അടുത്ത സൂപ്പർ ഓവറിൽ ആദ്യം ഇറങ്ങുക. ഒരേ ബൗളർക്ക് തുടരാനാവില്ല. ഒന്നാം സൂപ്പർ ഓവറിൽ ഔട്ടായവർക്ക് രണ്ടാമത്തെതിൽ ബാറ്റ് ചെയ്യാനും കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.