ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്ന് മത്സര ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsമൊഹാലി: ഇന്ത്യയും അഫ്ഗാനിസ്താനും ആദ്യമായി വൈറ്റ് ബാൾ ക്രിക്കറ്റ് പരമ്പരയിൽ നേർക്കുനേർ. ഏകദിനത്തിലോ ട്വന്റി20യിലോ ഇതുവരെ ഇരുടീമും തമ്മിൽ പരമ്പരയിൽ ഏറ്റുമുട്ടിയിട്ടില്ല. ഇന്ത്യ-അഫ്ഗാനിസ്താൻ ട്വന്റി20 പോരാട്ടങ്ങൾക്ക് ഇന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ തുടക്കമാവുമ്പോൾ 14 മാസത്തെ ഇടവേളക്കുശേഷം കുട്ടിക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സൂപ്പർ സീനിയേഴ്സിന്റെ സാന്നിധ്യമാണ് ആതിഥേയ ക്യാമ്പിലെ ഹൈലൈറ്റ്.
2022 നവംബറിൽ അഡലെയ്ഡിൽ ആസ്ട്രേലിയക്കെതിരെ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിലാണ് അവസാനമായി രോഹിത് ശർമയും വിരാട് കോഹ്ലിയും കളിച്ചത്. രോഹിത് ഇന്ന് ഇറങ്ങും. എന്നാൽ, വ്യക്തിപരമായ അസൗകര്യം അറിയിച്ച കോഹ്ലി ശേഷിക്കുന്ന രണ്ടും മൂന്നും മത്സരങ്ങളിലാണ് കളിക്കുക. ഇരുവരും തിരിച്ചെത്തുന്നത് വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിനെക്കുറിച്ചും സൂചന നൽകുന്നുണ്ട്.
ബാറ്റിങ്ങാണ് ഇന്ത്യയുടെ പ്രധാന ശക്തിസ്രോതസ്സ്. രോഹിതും ശുഭ്മൻ ഗില്ലും യശസ്വി ജയ്സ്വാളുമടങ്ങുന്നതാണ് മുൻനിര. രോഹിതും ജയ്സ്വാളും ഓപണർമാരാവും. മധ്യനിരയിലേക്ക് സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ തുടങ്ങിയവരുണ്ട്. പേസ് ബൗളർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവം നികത്താൻ അർഷ്ദീപ് സിങ്ങിനും മുകേഷ് കുമാറിനും ആവേഷ് ഖാനും കഴിയുമോ എന്ന് മാത്രമാണ് അറിയേണ്ടത്.
സ്പിൻ ഡിപ്പാർട്ട്മെന്റിൽ കുൽദീപ് യാദവ്, രവി ബിഷ്ണോയ്, ഓൾ റൗണ്ടർ അക്സർ പട്ടേൽ എന്നിവരുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഏകദിന ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരെ ഒന്നിനു പിറകെ ഒന്നായി അട്ടിമറിച്ച അഫ്ഗാൻ അപകടകാരികളാണ്. ഓപണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്റാൻ റഹ്മാനുല്ല ഗുർബാസും നയിക്കുന്ന ബാറ്റിങ് നിരയെയും സ്പിന്നർ മുജീബുർറഹ്മാനും പേസർ ഫസലുൽഹഖ് ഫാറൂഖിയും ഉൾപ്പെടെയുള്ള ബൗളർമാരെയും സൂക്ഷിക്കണം.
ടീം ഇവരിൽനിന്ന്
ഇന്ത്യ- രോഹിത് ശർമ, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, തിലക് വർമ, റിങ്കു സിങ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ, മുകേഷ് കുമാർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ.
അഫ്ഗാനിസ്താൻ -ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, ഇക്രം അലിഖിൽ, ഹസ്രത്തുല്ല സസായ്, റഹ്മത്ത് ഷാ, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, അസ്മത്തുല്ല ഉമർസായി, ഷറഫുദ്ദീൻ അഷ്റഫ്, മുജീബുർറഹ്മാൻ, നവീനുൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖൈസ് അഹമ്മദ്, ഗുൽബദ്ദീൻ നായിബ്.
റാഷിദ് ഖാൻ പുറത്ത്
മൊഹാലി: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമം തുടരുന്ന അഫ്ഗാനിസ്താൻ ഓൾ റൗണ്ടർ റാഷിദ് ഖാൻ ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കില്ല. ടീം പ്രഖ്യാപിച്ചപ്പോൾ റാഷിദിനെയും ഉൾപ്പെടുത്തിയിരുന്നു. പൂർണാരോഗ്യം വീണ്ടെടുക്കാത്തതിനാലാണ് ഒഴിവാക്കേണ്ടിവന്നതെന്ന് ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ അറിയിച്ചു. നവംബറിൽ ഏകദിന ലോകകപ്പിന് പിന്നാലെയാണ് പരിക്കേറ്റ റാഷിദിന് പുറംഭാഗത്ത് ശസ്ത്രക്രിയ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.