ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്ര പരമ്പര തേടി ഇന്ത്യ; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
text_fieldsജൊഹാനസ്ബർഗ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ചരിത്രനേട്ടത്തിനുമിടയിൽ ഒരു മത്സരത്തിന്റെ ദൂരം മാത്രം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതുവരെ പരമ്പര ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്താൻ വിരാട് കോഹ്ലിയും കൂട്ടരും ഇന്ന് രണ്ടാമങ്കത്തിൽ കച്ചകെട്ടിയിറങ്ങുന്നു. മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിയിൽ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യക്ക് രണ്ടാം മത്സരം കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്ട് പാർക്കിൽ കന്നി ജയം സ്വന്തമാക്കിയ ഇന്ത്യക്ക് മുമ്പും തങ്ങൾക്ക് ജയം നൽകിയിട്ടുള്ള ജെഹാനസ്ബർഗിലെ വാണ്ടറേഴ്സിൽ ജയം ആവർത്തിക്കുകയായിരിക്കും ലക്ഷ്യം. എല്ലാം കൊണ്ടും മുൻതൂക്കം ഇന്ത്യക്കാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം എതിരാളികളെക്കാൾ ഒരുപടി മുന്നിൽ.
കാഗിസോ റബാദയും ലുൻഗി എൻഗിഡിയുമടങ്ങുന്ന പേസ് ബൗളിങ് നിര ഇന്ത്യൻ ബാറ്റർമാർക്ക് ഭീഷണിയുയർത്താൻ പോന്നതാണെങ്കിലും ബാറ്റിങ് താരതേമ്യേന ദുർബലമാണെന്നതാണ് ആതിഥേയരെ കുഴക്കുന്നത്. അതിനൊപ്പം ക്വിന്റൺ ഡികോക്കിന്റെ അപ്രതീക്ഷിത വിടവാങ്ങലും ടീമിന് തിരിച്ചടിയാണ്. 25കാരനായ റയാൻ റിക്കിൾട്ടൺ ആയിരിക്കും ഡികോക്കിന് പകരമിറങ്ങുക. വിയാൻ മൾഡറിന് പകരം മൂന്നാം പേസറായി ഡ്യൂവാൻ ഒലിവറും എത്തും.
ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഓപണിങ്ങിൽ ഫോമിലുള്ള ലോകേഷ് രാഹുലും മായങ്ക് അഗർവാളും നൽകുന്ന തുടക്കമാവും ടീമിന് നിർണായകമാവുക. മധ്യനിരയിൽ ചേതേശ്വർ പുജാരയും ക്യാപ്റ്റൻ കോഹ്ലിയും അജിൻക്യ രഹാനെയും മികച്ച സ്കോറുകളിലേക്ക് ബാറ്റേന്തിയിട്ടില്ലെങ്കിലും ശരാശരി പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നതാണ് ആശ്വാസം. ഈ മൂവർ സംഘവും ആറാമനായെത്തുന്ന ഋഷഭ് പന്തും തിളങ്ങിയാൽ ഇന്ത്യ കുതിക്കും.
ബൗളിങ്ങിൽ ഇന്ത്യക്ക് വേവലാതിയേ ഇല്ല. ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി-മുഹമ്മദ് സിറാജ് പേസ് ത്രയം മികച്ച ഫോമിലാണ്. സ്പിൻ പിന്തുണയുമായി രവിചന്ദ്രൻ അശ്വിനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.