ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ന് വീണ്ടും ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം
text_fieldsജോർജ്ടൗൺ (ഗയാന): 2022 നവംബർ 10ന് ആസ്ട്രേലിയയിലെ അഡലെയ്ഡ് ഓവലിലായിരുന്നു സംഭവം. ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റ് ചെയ്ത രോഹിത് ശർമ സംഘം കുറിച്ച 169 റൺസ് ലക്ഷ്യം മറികടക്കാൻ ഇംഗ്ലീഷുകാർക്ക് വേണ്ടിവന്നത് വെറും 16 ഓവർ. കളി ജയിച്ച് ജോഷ് ബട്ട്ലറും സംഘവും ഫൈനലിൽ കടക്കുമ്പോൾ പത്ത് വിക്കറ്റും കൈയിലുണ്ടായിരുന്നു.
ഒന്നര വർഷത്തിനിപ്പുറം മറ്റൊരു ട്വന്റി20 ലോകകപ്പ്. സെമിയിൽ അതേ നായകർക്ക് കീഴിൽ ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം. ഇന്ത്യക്ക് മധുരപ്രതികാരം ചെയ്ത് ഫൈനലിലെത്തിയാൽ മാത്രം പോരാ, അന്നത്തെ ഇംഗ്ലീഷുകാരെപ്പോലെ കപ്പുമായി മടങ്ങുകയും വേണം. ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടിനാണ് കളി.
ഇത്തവണ തോൽവി അറിയാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ് എയിൽ കാനഡക്കെതിരായ കളി മഴയിൽ മുങ്ങിയതൊഴിച്ചാൽ ആധികാരിമായിരുന്നു മെൻ ഇൻ ബ്ലൂവിന്റെ ആറ് ജയങ്ങളും. ഒന്നോ രണ്ടോ പേരൊഴിച്ച് ബാറ്റർമാരും ബൗളർമാരും ഒരുപോലെ വിശ്വാസം കാക്കുന്നുണ്ട്. തുടക്കത്തിൽ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ രോഹിത് ശർമ സൂപ്പർ എട്ടിലെ അവസാന കളിയിൽ ഓസീസിനെതിരെ മിന്നി.
വിരാട് കോഹ്ലി ഇനിയും വലിയ സ്കോർ കണ്ടെത്താത്തത് ആശങ്കയായി തുടരുന്നു. ഓൾ റൗണ്ടറായി നിലനിർത്തുന്ന രവീന്ദ്ര ജദേജ ദയനീയ പരാജയമാണ്. ശിവം ദുബെയെയും ഈ ഗണത്തിൽപ്പെടുത്തിയാണ് കളിപ്പിക്കുന്നതെങ്കിലും പന്തെറിയാൻ അവസരം കൊടുക്കുന്നില്ല.
ബാറ്റിങ് പ്രകടനം അത്ര ആശാവഹവുമില്ല. സെമി ഫൈനലായതിനാൽ ഇന്ത്യൻ ഇലവനിൽ പരീക്ഷണങ്ങൾക്ക് സാധ്യതയില്ലെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, സ്പിന്നർ യുസ്വേന്ദ്ര ചാഹൽ തുടങ്ങിയവർ അവസരം കാത്തിരിക്കുന്നുണ്ട്.
ക്യാപ്റ്റൻ ബട്ട്ലറും ഫിൽ സാൾട്ടും ചേർന്ന ഇംഗ്ലീഷ് ഓപണിങ് ജോടി അപകടകാരികളാണ്. ഇവർ നിലയുറപ്പിച്ചാൽ ഇന്ത്യൻ ബൗളർമാർക്ക് പണിയാവും. സ്പിന്നർ ആദിൽ റഷീദിനെയും പേസർ ക്രിസ് ജോർഡനെയും സൂക്ഷിക്കണം.
മുഈൻ അലിയും സാം കറന്റെയും ലിയാം ലിവിങ്സ്റ്റണിന്റെയും ഓൾ റൗണ്ട് മികവിലും ഇംഗ്ലണ്ട് വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ഗ്രൂപ് റൗണ്ടിൽ ആസ്ട്രേലിയയോടും സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോടും തോൽവികൾ ഏറ്റുവാങ്ങിയാണ് ഇവരുടെ വരവ്.
ടീം ഇവരിൽനിന്ന്:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ, യശസ്വി ജയ്സ്വാൾ.
ഇംഗ്ലണ്ട്: ജോഷ് ബട്ട്ലർ (ക്യാപ്റ്റൻ), ഫിൽ സാൾട്ട്, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, മുഈൻ അലി, ലിയാം ലിവിങ്സ്റ്റൺ, സാം കറൻ, ക്രിസ് ജോർഡൻ, ആദിൽ റാഷിദ്, റീസ് ടോപ്ലി, ബെൻ ഡക്കറ്റ്, ജോഫ്ര ആർച്ചർ, ടോം ഹാർട്ട്ലി, വിൽ ജാക്സ്, മാർക്ക് വുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.